കൊൽക്കത്ത: നേരത്തെ അക്ബർ, സീത എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന സിംഹങ്ങളുടെ പേരുകൾ മാറ്റാനും പുതിയ പേരുകൾ അറിയിച്ചുകൊണ്ടും ബംഗാൾ സർക്കാർ ശുപാർശ നൽകി. അക്ബറിന് ‘സൂരജ്’ എന്നും പെണ് സിംഹമായ സീതയ്ക്ക് ‘തനായ’ എന്നുമാണ് നൽകിയിരിക്കുന്ന പുതിയ പേരുകൾ. വിഷയം ചൂണ്ടിക്കാട്ടിയുള്ള ശുപാര്‍ശ കേന്ദ്ര മൃഗശാല അതോറിറ്റിക്ക് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ കൈമാറിയിട്ടുണ്ട്. ഇനി അവിടെ നിന്നുള്ള അംഗീകാരം ലഭിച്ചാലുടൻ ഇവയുടെ പേരുകൾ ഔദ്യോഗികമായി മാറ്റിയേക്കും. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം കേന്ദ്ര മൃഗശാല അതോറിറ്റിയുടേത് ആയിരിക്കും.
നേരത്തെ സിംഹങ്ങൾക്ക് അക്ബർ എന്നും സീതയെന്നും പേര് നൽകിയതിനെ കൽക്കട്ട ഹൈക്കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. സിംഹങ്ങളുടെ പേര് ചൂണ്ടിക്കാട്ടി വിഎച്ച്പിയാണ് കോടതിയെ സമീപിച്ചത്. ഇതിന് പിന്നാലെയായിരുന്നു കോടതിയുടെ വിമർശനം. ദൈവങ്ങളുടെയും മറ്റും പേരുകൾ മൃഗങ്ങൾക്ക് ഇടുന്നത് ശരിയല്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. തുടർന്ന് നിലവിൽ ഇട്ടിരിക്കുന്ന പേരുകൾ മാറ്റണമെന്നും കൽക്കട്ട ഹൈക്കോടതി അഭിപ്രായം അറിയിച്ചിരുന്നു. ഇതോടെയാണ് പേരുമാറ്റാൻ ബംഗാൾ സർക്കാർ നിർബന്ധിതരായത്. തുടർന്നാണ് പുതിയ പേരുകൾ ചൂണ്ടിക്കാട്ടി കേന്ദ്ര മൃഗശാല അതോറിറ്റിക്ക് അവർ ശുപാർശ നൽകിയത്. നിലവിലെ സാഹചര്യത്തിൽ വിവാദങ്ങൾ ഉള്ളതിനാൽ സിംഹങ്ങളുടെ പേരുകളിൽ ബംഗാൾ നൽകിയ ശുപാർശ തള്ളിക്കൊണ്ട് ഡിജിറ്റൽ പേരുകൾ നൽകാനുള്ള അധികാരവും മൃഗശാല അതോറിറ്റിക്കുണ്ട്. അതിനാൽ എന്താവും അവരുടെ തീരുമാനം എന്നാണ് ഉറ്റുനോക്കുന്നത്.