KeralaNationalNews

സിൽക്യാര തുരങ്കത്തിൽ അകപ്പെട്ട 41 തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം; രക്ഷാപ്രവർത്തനം അനിശ്ചിതത്വത്തിൽ

ഡെറാഡൂൺ :യന്ത്രത്തകരാറും പ്രതിബന്ധങ്ങളും വഴിമുടക്കിയതോടെ ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിൽ അകപ്പെട്ട 41 തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം അനിശ്ചിതത്വത്തിൽ. ആഗർ ഡ്രില്ലിങ്‌ മെഷീൻ സ്ഥാപിച്ചിരിക്കുന്ന അടിത്തറയിൽ വിള്ളലുകൾ ഉണ്ടായതോടെയാണ്‌ പ്രവർത്തനം നിർത്തിവച്ചത്‌. വ്യാഴാഴ്‌ചയ്ക്കുശേഷം ഡ്രില്ലിങ് നടന്നിട്ടില്ല. 12 മീറ്റർ കൂടിയാണ്‌ ഇനി തുരക്കാനുള്ളത്‌. ഡ്രില്ലിങ്‌ നിർത്തിവച്ചത്‌ ഒരു ദിവസംകൂടി നീട്ടിയെന്ന്‌ വെള്ളിയാഴ്‌ച വൈകിട്ട്‌ ലഭ്യമായ വിവരം. സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിച്ചെന്നും ഡ്രില്ലിങ് ഉടൻ പുനരാരംഭിക്കുമെന്നും അധികൃതർ ഉച്ചയ്‌ക്ക്‌ അറിയിച്ചെങ്കിലും അതുണ്ടായില്ല. 6 മീറ്റർ വീതമുള്ള രണ്ട് കുഴലുകൾ കൂടിയാണ്‌ ഇനി സ്ഥാപിക്കാനുള്ളതെന്ന്‌ സാങ്കേതിക, റോഡ്, ഗതാഗത അഡീഷണൽ സെക്രട്ടറി മഹമൂദ് അഹമ്മദ് അറിയിച്ചു. പ്രദേശത്ത്‌ മുഖ്യമന്ത്രി പുഷ്‌കർ സിങ്‌ ധാമി വ്യാഴാഴ്‌ചമുതൽ ക്യാമ്പ്‌ ചെയ്യുന്നുണ്ട്‌.

അവശിഷ്‌ടങ്ങൾക്കിടയിലുള്ള ഇരുമ്പ്‌ പ്ലേറ്റുകൾ തട്ടി വ്യാഴാഴ്‌ച ആഗർ മെഷീൻ തകരാറിലായിരുന്നു. മെഷീൻ സ്ഥാപിച്ച അടിത്തറ സിമന്റ്‌ ഉപയോഗിച്ച്‌ ശക്തിപ്പെടുത്തിയിരുന്നു. മെഷീന്റെ ബ്ലേഡുകളും നന്നാക്കി. റഡാർ നിരീക്ഷണത്തിൽ അടുത്ത അഞ്ചുമീറ്റർ ദൂരത്ത്‌ മറ്റ്‌ തടസങ്ങൾ ഇല്ലെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. അതിനാൽ കുഴലുകൾ സ്ഥാപിക്കുന്നത്‌ എളുപ്പമാകും. ഇത്‌ പൂർത്തിയായാൽ ദേശീയ ദുരന്ത നിവാരണസേനയുടെ നേതൃത്വത്തിൽ തൊഴിലാളികളെ പുറത്തെത്തിക്കും. സേന രക്ഷാപാതയിലൂടെ സ്ട്രച്ചറിൽ തൊഴിലാളികളെ പുറത്തെത്തിക്കുന്നതിന്റെ റിഹേഴ്‌സൽ നടത്തി. അതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *