മുംബൈ : മഹാരാഷ്ട്രയിലെ ലോണാവാലയിൽ വെള്ളച്ചാട്ടത്തിലുണ്ടായ അപകടത്തിൽ കാണാതായ നാല് വയസുകാരൻ്റെ മൃതദേഹം കണ്ടെത്തി. ഇതോടെ മരണം അഞ്ചായി. ഒരു കുടുംബത്തിലെ അംഗങ്ങളാണ് എല്ലാവരും. ബുഷി അണക്കെട്ടിനടുത്തെ വെള്ളച്ചാട്ടത്തിനു സമീപമായിരുന്നു അപകടം. മുംബൈയിൽ നിന്നും അവധിയാഘോഷിക്കാനെത്തിയ ഏഴംഗകുടുംബമാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. മേഖലയിൽ പുലർച്ചെ മുതൽ മഴയുള്ളതിനാൽ നീരൊഴുക്ക് വർധിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. കുത്തിയൊലിച്ചുവരുന്ന വെള്ളത്തിൽ പരസ്പരം കെട്ടിപ്പിടിച്ചു നിൽക്കുന്ന കുടുംബാംഗങ്ങളെ വീഡിയോയിൽ കാണാം. പാറക്കെട്ടിൽ പിടിച്ചു കിടക്കാൻ ഇവർ ശ്രമിക്കുന്നുണ്ടെങ്കിലും വെള്ളത്തിന്റെ ശക്തി കാരണം ഒഴുകിപ്പോവുകയായിരുന്നു.