പാറ്റ്ന: കേന്ദ്ര സർക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ നാളെ ജൂൺ 18ന് ബിഹാറിൽ ബന്ദ് ആഹ്വാനം ചെയ്ത് വിവിധ വിദ്യാർഥി സംഘടനകൾ. വിദ്യാർഥികളുടെ പ്രതിഷേധത്തിന് ബിഹാറിലെ പ്രധാന പ്രതിപക്ഷ പാർട്ടിയായ ആർജെഡി പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
സേനയിലേക്കുള്ള റിക്രൂട്ടിങ് പദ്ധതിക്കെതിരെ ഇത് മൂന്നാം ദിവസത്തേക്ക് പ്രക്ഷോഭം കടന്നിരിക്കുകയാണ്. ബിഹാറിൽ ആരംഭിച്ച പ്രക്ഷോഭം ഏഴ് സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചിരിക്കുകയാണ്. പ്രതിഷേധം കനക്കുന്ന ബിഹാറിൽ ഉപമുഖ്യമന്ത്രി റെണു ദേവിയുടെയും ബിഹാർ ബിജെപി അധ്യക്ഷൻ സഞ്ജയ് ജെയ്വാളിന്റെ വീടുകൾക്ക് നേരെ കല്ലേറുണ്ടായി. കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധത്തിൽ പ്രക്ഷോഭകാരികൾ ട്രെയിനുകൾക്ക് തീവെക്കുകയും റെയിൽവെ സ്റ്റേഷനുകൾ അടിച്ച് തകർക്കുകയും ചെയ്തിരുന്നു.
ബിഹാറിന് പുറമെ ഉത്തർ പ്രദേശ്, തെലങ്കാന, ഹരിയാന എന്നീ സംസ്ഥാനങ്ങളിലും അഗ്നിപഥ് വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം കനക്കുകയാണ്. തെലങ്കാനയിൽ സെക്കന്തരാബാദിലെ പ്രതിഷേധത്തെ തുടർന്നുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും ചെയ്തു. നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്.
ഹരിയാനയിൽ ഇന്റർനെറ്റ്, എസ്എംഎസ് സേവനങ്ങൾക്ക് വിലക്കേർപ്പെടുത്തി. ഇന്ന് ജൂൺ 17 വൈകിട്ട് നാല് മണി മുതൽ ആടുത്ത 24 മണിക്കൂർ നേരത്തെക്കാണ് ഇന്റർനെറ്റ് എസ്എംഎസ് സേവനങ്ങൾക്ക് സർക്കാരിന്റെ നിയന്ത്രണം.ഇന്നലെ ജൂൺ 16ന് ഹരിയാനിലെ പൽവാളിൽ യുവാക്കളുടെ പ്രതിഷേധം കനക്കുന്ന സാഹചര്യത്തിൽ ഇന്റർനെറ്റ് എസ്എംഎസ് സേവനങ്ങൾക്ക് ജില്ലയിൽ ഹരിയാന സർക്കാർ താൽക്കാലിക വിലക്കേർപ്പെടുത്തിയിരുന്നു. ഫരീദബാദ് ജില്ലയിലെ ബല്ലാബ്ഗറിൽ 144 പ്രഖ്യാപിക്കുകയും ചെയ്തു. ഗുരുഗ്രാമിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.