New Delhi: കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന GST കൗൺസിൽ യോഗം നിർണ്ണായക തീരുമാനങ്ങൾ കൈകൊണ്ടിരിക്കുകയാണ്. അതനുസരിച്ച് ചില ചരക്കുകളുടെയും സേവനങ്ങളുടെയും നികുതി നിരക്കിൽ മാറ്റമുണ്ടാകും. പുതിയ നിരക്കുകൾ ജൂലൈ 18 മുതൽ പ്രാബല്യത്തിൽ വരും.
GST നിരക്ക് സംബന്ധിച്ച ഈ തീരുമാനങ്ങൾ കൗൺസിലിന്റെ ചരക്ക് സേവന നികുതി സംബന്ധിച്ച ഏറ്റവും ഉയർന്ന തീരുമാനമെടുക്കുന്ന സമിതിയാണ് കൈക്കൊണ്ടിരിയ്ക്കുന്നത്. ഈ സമിതിയിൽ എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും പ്രതിനിധികൾ അംഗങ്ങളാണ്. രണ്ട് ദിവസം നീണ്ടു നിന്ന 47-ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് നിരക്ക് സംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊണ്ടത്.
പുതിയ തീരുമാനം അനുസരിച്ച് ബാങ്ക് ചെക്ക് ബുക്ക്, ഭൂപടങ്ങൾ, അറ്റ്ലസ്, ഗ്ലോബുകൾ എന്നിവ GSTയുടെ പരിധിയിൽ വരും. അതുപോലെ, ബ്രാൻഡ് ചെയ്യാത്തതും എന്നാൽ മുൻകൂട്ടി പായ്ക്ക് ചെയ്തതുമായ തൈര്, ബട്ടർ മിൽക്ക്, ഭക്ഷ്യവസ്തുക്കൾ, ധാന്യങ്ങൾ തുടങ്ങിയവയും ജിഎസ്ടിയുടെ കീഴിൽ വരും.