ന്യൂദൽഹി: ടോക്കിയോ ഒളിംപിക്സിലെ വെങ്കല മെഡൽ ജേതാവായ ഗുസ്തിതാരം ബജ്റംഗ് പൂനിയയ്‌ക്ക് സസ്പെൻഷൻ. ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയുടേതാണ് നടപടി. ട്രയൽസിൽ ഉത്തേജക വിരുദ്ധ പരിശോധനയ്‌ക്ക് താരം തയ്യാറാകാതിരുന്നതോടെയാണ് നടപടിയെടുത്തിരിക്കുന്നത്. ഇന്ത്യൻ ഒളിപിക് അസോസിയേഷൻ അഡ്ഹോക്ക് പാനൽ സംഘടിപ്പിക്കുന്ന ട്രയൽസിന് തയാറെടുക്കാൻ പുനിയ റഷ്യയിൽ പരിശീലനം നേടിയിരുന്നു.
മാർച്ചിൽ സോനിപത്തിലാണ് ട്രയൽസ് നടന്നത്. ഈ സമയത്ത് യൂറിൻ സാമ്പിൾ നൽകാൻ പൂനിയ വിസമ്മതിച്ചിരുന്നു. ട്രയൽസിൽ ബജ്റംഗ് രോഹിത് കുമാറിനോട് പരാജയപ്പെട്ടിരുന്നു. ഇതിന്റെ ദേഷ്യത്തിൽ താരം തിരിച്ചുപോകുകയായിരുന്നു. ബജ്റംഗ് പൂനിയയുടെ നടപടിയിൽ വിശദീകരണം നൽകാൻ മെയ് ഏഴ് വരെ താരത്തിന് സമയം നൽകിയിട്ടുണ്ട്. ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി ഉദ്യോഗസ്ഥർ പുനിയയിൽ നിന്ന് ഉത്തേജക പരിശോധനയ്‌ക്കുള്ള സാമ്പിൾ ശേഖരിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം അവിടെ നിൽക്കാൻ തയാറായില്ല.