ബീജിങ് : ചൈനയിൽ ന്യുമോണിയക്ക് സമാനമായ പകർച്ചവ്യാധി വ്യാപകമായി പടർന്നു പിടിക്കുന്നതായി റിപ്പോർട്ടുകൾ. കുട്ടികളിലാണ് ശ്വാസകോശ സംബന്ധമായ രോഗം വ്യാപകമായി പടരുന്നത്. ചൈനയിലെ ആശുപത്രികളിൽ ദിനം പ്രതി രോഗികളുടെ എണ്ണം വർധിക്കുകയാണെന്നും റിപ്പോർട്ടുണ്ട്. വടക്കൻ ചൈനയിലാണ് രോഗം പടർന്നുപിടിക്കുന്നത്.
കുട്ടികൾക്കിടയിൽ രോഗം വ്യാപകമായതിനാൽ വടക്കൻ ചൈനയിലെ മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. മാസ്കുകൾ ധരിക്കണമെന്നും അകലം പാലിക്കണമെന്നുമുൾപ്പെടെയുള്ള നിർദേശങ്ങളും ചൈന പുറപ്പെടുവിച്ചിട്ടുണ്ട്. അസുഖങ്ങൾ വർധിക്കുന്നതിനെക്കുറിച്ചും ന്യൂമോണിയ റിപ്പോർട്ട് ചെയ്യപ്പെട്ട ക്ലസ്റ്ററുകളെക്കുറിച്ചുമുള്ള വിശദാശംങ്ങൾ ചൈനയോട് ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച്.ഒ) ആവശ്യപ്പെട്ടിട്ടുണ്ട്.