കൊൽക്കത്ത : ക്രിക്കറ്റ് കരിയർ 30 വർഷം പിന്നിട്ടതിന് പിന്നാലെ എന്താണെന്ന് വെളിപ്പെടുത്താത്ത ജീവിതത്തിന്റെ പുതിയ അധ്യായത്തിലേക്ക് പ്രവേശിക്കാൻ ഒരുങ്ങി മുൻ ഇന്ത്യൻ നായകനും ബിസിസിഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലി. തന്റെ ജീവിതത്തിൽ പുതിയ ഒരു അധ്യായം ആരംഭിക്കുന്നതായി താരം തന്നെയാണ് ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ മുൻ ഇന്ത്യൻ നായകൻ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുന്നു എന്ന തരത്തിലുള്ള ചർച്ചകൾ ഉടലെടുക്കുകയും ചെയ്തു.
“1992 ആരംഭിച്ച ക്രിക്കറ്റിനൊപ്പമുള്ള യാത്ര 2022ൽ 30 വർഷം തികയുകയാണ്. ഇതുവരെ ക്രിക്കറ്റ് ഒരുപാട് കാര്യങ്ങൾ എനിക്ക് നൽകി. പ്രധാനമായും നിങ്ങളുടെ എല്ലാവരുടെയും പിന്തുണ എനിക്ക് ക്രിക്കറ്റ് നൽകി. എന്റെ ഈ യാത്രയുടെ ഭാഗമായിരുന്നവരും പിന്തുണച്ചവരും സഹായിച്ചവരുമായ ഓരോ വ്യക്തികൾക്കും ഞാൻ നന്ദി അറിയിക്കുന്നു. ഇന്ന്, കൂടുതൽ പേർക്ക് സഹായകമാകുമെന്ന് എനിക്ക് തോന്നുന്ന ഒരു പുതിയ കാര്യം ആരംഭിക്കാൻ പദ്ധതിയിടുകയാണ്. എന്റെ ജീവിതത്തിന്റെ മറ്റൊരു അധ്യായത്തിലേക്ക് പ്രവേശിക്കുമ്പോൾ നിങ്ങളുടെ പിന്തുണ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു” സൗരവ് ഗാംഗുലി ട്വിറ്ററിൽ പങ്കുവെച്ച് കുറിപ്പ്