Kerala

കൊച്ചിയിലെ നവജാതശിശുവിന്റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. 

കൊച്ചി : കൊച്ചിയിലെ നവജാതശിശുവിന്റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുഞ്ഞിന്റെ തലയോട്ടിക്ക് പരിക്കേറ്റതായി പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശ്വാസം മുട്ടിച്ചതായും ശരീരത്തിൽ സമ്മർദ്ദം ചെലുത്തിയതായും റിപ്പോർട്ടിൽ പറയുന്നു. കുഞ്ഞിന്റെ കീഴ്ത്താടിക്കും പരിക്കുണ്ട്. ഫ്ലാറ്റിന്റെ അഞ്ചാംനിലയിൽനിന്നാണ് കുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞത്. സംഭവത്തിൽ കുഞ്ഞിന്റെ അമ്മയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

പനമ്പള്ളിനഗറിനു സമീപത്തെ ഫ്ലാറ്റിൽ വെള്ളി രാവിലെ 8.15ഓടെയാണ് സംഭവം നടന്നത്. ഫ്ലാറ്റിൽ താമസിക്കുന്ന ഇരുപത്തിമൂന്നുകാരിയാണ്‌ പ്രസവിച്ച്‌ മൂന്നു മണിക്കൂറിനകം ബാൽക്കണിയിൽനിന്ന്‌ കുഞ്ഞിനെ താഴേക്ക്‌ എറിഞ്ഞുകൊന്നത്‌.  പീഡനത്തിന്‌ ഇരയായാണ്‌ യുവതി കുഞ്ഞിന്‌ ജന്മം നൽകിയതെന്ന് പൊലീസ് പറഞ്ഞു. വെള്ളി പുലർച്ചെ അഞ്ചിനാണ്‌ കുഞ്ഞിനെ പ്രസവിച്ചത്‌. ഓൺലൈൻ ഡെലിവറി സ്ഥാപനത്തിന്റെ പ്ലാസ്‌റ്റിക്ക്‌ കവറിൽ പൊതിഞ്ഞാണ്‌ മൃതദേഹം വലിച്ചെറിഞ്ഞത്‌. റോഡിൽ വീണ മൃതദേഹത്തിൽ വാഹനം കയറിയിറങ്ങിയിട്ടുണ്ടോയെന്നും സംശയിക്കുന്നുണ്ട്. 

നവജാതശിശുവിന്റെ മൃതദേഹം ആദ്യംകണ്ടപ്പോൾ ഡ്രൈവർ ജിതിൻകുമാർ മനസ്സിൽ കരുതിയത്‌, റോഡിനുനടുവിൽ പ്ലാസ്‌റ്റിക്‌ കവറിനുള്ളിൽനിന്ന്‌ തെറിച്ചുവീണു കിടക്കുന്ന പാവ. സംശയംതോന്നി വാഹനം ഒതുക്കിനിർത്തി നോക്കിയപ്പോഴാണ്‌ ചോരക്കുഞ്ഞാണെന്ന്‌ മനസ്സിലായത്‌. ഫ്ലാറ്റിൽനിന്ന്‌ വലിച്ചെറിഞ്ഞ നവജാതശിശുവിന്റെ മൃതദേഹം ആദ്യം കണ്ടത്‌ ഇടുക്കി പീരുമേട്‌ സ്വദേശിയായ ജിതിനാണ്‌. കൊച്ചി കപ്പൽശാല മറൈൻ എൻജിനിയറിങ്‌ ട്രെയിനിങ്‌ ഇൻസ്‌റ്റിറ്റ്യൂട്ടിൽ കരാർ ഡ്രൈവറായ ജിതിൻ രാവിലെ 8.20 ഓടെയാണ് പനമ്പിള്ളിനഗർ വിദ്യാനഗർ ലിങ്ക്‌റോഡുവഴി പോയത്‌. ഷിപ്‌യാർഡിൽ നിന്ന്‌ കുട്ടികൾ താമസിക്കുന്ന ഹോസ്‌റ്റലിലേക്ക്‌ പോവുകയായിരുന്നു. അപ്പോഴാണ്‌ മൃതദേഹം കണ്ടത്‌. രക്തക്കറ കണ്ടപ്പോൾ ആദ്യം ഞെട്ടി.  പൊക്കിൾക്കൊടിപോലും മുറിച്ചുമാറ്റാത്ത അവസ്ഥയിലായിരുന്നു മൃതദേഹം. ആമസോണിന്റെ പാഴ്സൽ കവറിൽ പൊതിഞ്ഞാണ് കുട്ടിയെ വലിച്ചെറിഞ്ഞത്‌. എന്നാൽ, ജിതിൻ കാണുമ്പോൾ കവറും കുട്ടിയും വെവ്വേറെയായാണ് കിടന്നിരുന്നത്‌. മറ്റുവാഹനങ്ങൾ വന്നാലോ എന്ന് കരുതി സംഭവം നടന്ന ഫ്ലാറ്റിന് എതിർവശത്തെ ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനെ വിളിച്ചുവരുത്തി. ഈ സമയം പൊലീസിന്റെ എമ‌‌ർജൻസി നമ്പരിൽ വിളിച്ചു. തുടർന്ന്‌ ഇതുവഴി വാഹനങ്ങൾ പോകുന്നത്‌ തടഞ്ഞു. അഞ്ച്‌ മിനിറ്റിനുള്ളിൽ സൗത്ത്‌ പൊലീസ് എത്തി തുടർനടപടി സ്വീകരിക്കുകയായിരുന്നു.

സംഭവത്തിൽ ബാലാവകാശ കമീഷൻ കേസെടുത്തു. കമീഷൻ ചെയർമാൻ കെ വി മനോജ്‌കുമാർ സ്ഥലം സന്ദർശിച്ചു.  മനസിനെ വല്ലാതെ ഉലക്കുന്ന സംഭവമാണിത്. കുഞ്ഞുങ്ങളെ വളർത്താൻ കഴിയില്ലെങ്കിൽ തെരുവിലേക്ക് വലിച്ചെറിയുകയോ കൊല്ലുകയോ ചെയ്യരുത്. അവരെ സംരക്ഷിക്കാൻ അമ്മത്തൊട്ടിൽ, ചിൽഡ്രൻസ് ഹോം ഉൾപ്പെടെ അനവധി സർക്കാർ സംവിധാനങ്ങൾ ഉണ്ട്. അവർ അവിടെ സുരക്ഷിതരായി വളരുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി സിറ്റി പൊലീസ് മേധാവിയോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു

What's your reaction?

Related Posts

1 of 939

Leave A Reply

Your email address will not be published. Required fields are marked *