ഹാങ്ചൗ: ചരിത്രത്തിലെ ഏറ്റവുംവലിയ മെഡൽ നേട്ടത്തിന് ഇന്ത്യയെ സഹായിച്ചത് അത്ലറ്റിക്സ്, ഷൂട്ടിങ്, അമ്പെയ്ത്ത് ഇനങ്ങളാണ്. മൂന്നിനങ്ങളിലായി 60 മെഡൽ കിട്ടി. ഗെയിംസിൽ നാലാംസ്ഥാനത്തെത്തുന്നതും ആദ്യം. 1951ൽ ഡൽഹിയിൽ നടന്ന പ്രഥമ ഗെയിംസിൽ 15 സ്വർണമടക്കം 51 മെഡലുമായി രണ്ടാംസ്ഥാനത്ത് എത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ടുതവണ എട്ടാംസ്ഥാനമായിരുന്നു. ജക്കാർത്തയിൽ (2018) നേടിയ 70 മെഡലായിരുന്നു എറ്റവുംവലിയ നേട്ടം. ഇക്കുറി ലക്ഷ്യംവച്ചത് 100 മെഡലായിരുന്നു. പ്രതീക്ഷയും മറികടന്നുള്ള പ്രകടനമാണ് 655 അംഗ ഇന്ത്യൻ സംഘം നടത്തിയത്. അത്ലറ്റിക്സിൽ ആറ് സ്വർണമടക്കം 29 മെഡലുണ്ട്. ഷൂട്ടർമാർ വെടിവച്ചിട്ടത് ഏഴ് സ്വർണമടക്കം 22 മെഡൽ. അമ്പെയ്ത്തുകാരുടെ സംഭാവന ഒമ്പത് മെഡൽ. ഗുസ്തിക്കാർ ഒരു വെള്ളിയും അഞ്ച് വെങ്കലവും സംഭാവന ചെയ്തു. സ്ക്വാഷ്, ബോക്സിങ്, തുഴച്ചിൽ ടീമുകൾ അഞ്ച് മെഡൽവീതം നേടി.