കീവ്
ഉക്രയ്‌നിലെ റഷ്യയുടെ സൈനിക നടപടിക്ക് വെള്ളിയാഴ്‌ച നൂറുദിവസം തികയവേ എരിതീയിൽ എണ്ണപകർന്ന് അമേരിക്ക. ഉക്രയ്‌ന് ദീർഘദൂര മിസൈലുകൾ നൽകുമെന്ന് ബുധനാഴ്‌ച അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു. 70 കോടി ഡോളറിന്റെ (ഏകദേശം 5421 കോടി രൂപ) സൈനികസഹായത്തിന്റെ ഭാഗമായാണ് അത്യാധുനിക ഉപകരണങ്ങൾ കൈമാറുക.
രൂക്ഷവിമർശവുമായി റഷ്യ രംഗത്തെത്തി. അമേരിക്ക മനപ്പൂർവം എരിതീയിൽ എണ്ണയൊഴിക്കുകയാണെന്നും സമാധാന നീക്കത്തിന് തിരിച്ചടിയാകുമെന്നും റഷ്യൻ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു.
പിന്നാലെ മോസ്‌കോയുടെ വടക്കുകിഴക്കൻ പ്രവിശ്യയായ ഇവാനോവിൽ ആണവ അഭ്യാസം ആരംഭിച്ചതായി റഷ്യൻ പ്രതിരോധ മന്ത്രാലയവും പറഞ്ഞു. റഷ്യ അത്യാധുനിക ആയുധം പരീക്ഷിച്ചതായി മുതിർന്ന സൈനിക വക്താവും വെളിപ്പെടുത്തി.
ലുഹാൻസ്കിലെ സീവിറോഡോണെറ്റ്സ്‌കിൽ റഷ്യ–- ഉക്രയ്‌ൻ പോരാട്ടം രൂക്ഷമായി തുടരുകയാണ്. നഗരത്തിന്റെ 60 ശതമാനവും റഷ്യ പിടിച്ചു. മറ്റ് ഭാഗങ്ങളിൽ ഉക്രയ്‌ൻ പ്രതിരോധിക്കുകയാണ്.