ഉത്തർപ്രദേശ്: അമേഠിയിൽ രണ്ടാം വിജയം ലക്ഷ്യമിട്ട് ഇറങ്ങിയ സ്മൃതി ഇറാനിക്ക് വൻ പരാജയം. ഗാന്ധി കുടുംബത്തിന്റെ ശക്തമായ കോട്ടയായിരുന്നു അമേഠി. എന്നാൽ, 2019ൽ സ്മൃതി ഇറാനി രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തി അമേഠിയിൽ വിജയിച്ചു. ഇത്തവണയും ബിജെപി സ്മൃതി ഇറാനിയെ തന്നെ അമേഠിയിൽ സ്ഥാനാർഥിയാക്കി. തങ്ങളുടെ അഭിമാന മണ്ഡലം തിരിച്ചുപിടിക്കാൻ കോൺഗ്രസ് കളത്തിലിറക്കിയത് ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ കിഷോരി ലാലിനെയായിരുന്നു. കേന്ദ്ര വനിത ശിശു വികസന മന്ത്രിയായ സ്മൃതി ഇറാനി ഒരു ലക്ഷത്തിൽപ്പരം വോട്ടുകൾക്കാണ് കിഷോരി ലാൽ ശർമയോട് തോറ്റത്. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനാണ് കിഷോരി ലാൽ ശർമ.
രാഹുൽ ഗാന്ധി ഇത്തവണ വയനാട്ടിൽ നിന്നും റായ്ബറേലിയിൽ നിന്നുമാണ് ജനവധി തേടിയത്. കിഷോരി ലാൽ ശർമയോട് സ്മൃതി ഇറാനിക്കേറ്റ പരാജയം എൻഡിഎയ്ക്ക് വലിയ തിരിച്ചടിയാണ്. 2019ൽ 4,68,514 വോട്ടുകൾക്കാണ് സ്മൃതി ഇറാനി ജയിച്ചത്. 55,120 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തിയത്.