ന്യൂഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പ് തീയതികൾ ശനിയാഴ്ച പ്രഖ്യാപിക്കും. വൈകീട്ട് മൂന്ന് മണിക്കാണ് ചീഫ് ഇലക്ഷൻ കമ്മീഷണറുടെ വാർത്താസമ്മേളനം. തീയതികൾ തെരഞ്ഞെടുപ്പ് കമീഷൻ യോഗത്തിൽ ധാരണയായി. തെരഞ്ഞെടുപ്പ് കമീഷനിലെ പുതിയ അംഗങ്ങളായി ഗ്യാനേഷ് കുമാർ, സുഖ്ബീർ സിങ് സന്ധു എന്നിവർ ചുമതലയേറ്റിരുന്നു. മുഖ്യ കമീഷണർ രാജീവ് കുമാറുമായുള്ള തർക്കത്തെ തുടർന്ന് ഈ മാസം ഏഴിന് രാജിവെച്ച അരുൺ ഗോയലിന്റെയും കഴിഞ്ഞമാസം വിരമിച്ച അനൂപ് ചന്ദ്ര പാണ്ഡെയുടെയും ഒഴിവുകൾ നികത്താൻ തെരഞ്ഞെടുക്കപ്പെട്ട ഇരുവരും 1988 ബാച്ച് റിട്ട. ഐഎഎസ് ഓഫീസർമാരാണ്. ഏഴു ഘട്ടങ്ങളിലാവും തെരഞ്ഞെടുപ്പ്. ആന്ധ്ര, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തീയതികളും നാളെ പ്രഖ്യാപിക്കും.