ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ആദ്യഘട്ട വോട്ടെടുപ്പിൽ 102 മണ്ഡലങ്ങളിലായി 16.63 കോടി വോട്ടർമാർ ഇന്ന് തങ്ങളുടെ വോട്ടവകാശം രേഖപ്പെടുത്തും.
ഒന്നാംഘട്ടത്തിൽ 16 സംസ്ഥാനങ്ങളിലേയും 5 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 1625 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. കണക്കുകൾ പ്രകാരം വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ 18 ലക്ഷത്തോളം ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നാണ്. രാവിലെ 7 മുതൽ വൈകുന്നേരം 6 വരെ നടക്കുന്ന വോട്ടെടുപ്പിനായി 187 ലക്ഷം പോളിംഗ് സ്റ്റേഷനുകളും സജ്ജീകരിച്ചിട്ടുണ്ട്. ആദ്യഘട്ട വോട്ടെടുപ്പിലാണ് തമിഴ്നാടും ജനവിധി തേടുന്നത്. കോൺഗ്രസ് നേതാവ് പി ചിദംബരം ശിവഗംഗയിലെ പോളിംഗ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തി.
ഏഴ് ഘട്ടങ്ങളിലായാണ് ലോക്സഭ വോട്ടെടുപ്പ് നടക്കുന്നത്. അതിൽ ആദ്യ ഘട്ടമായ ഇന്നാണ് ഏറ്റവും കൂടുതൽ പാർലമെന്റ് മണ്ഡലങ്ങൾ ഉൾപ്പെട്ടിരിക്കുന്നത്. 8. 4 കോടി പുരുഷന്മാരും 8.23 കോടി സ്ത്രീകളും 11371 ട്രാൻസ്ജെൻഡർ വോട്ടർമാരും ആദ്യഘട്ടത്തിൽ വോട്ട് ചെയ്യും. വോട്ടെടുപ്പ് നടക്കുന്ന സ്ഥലങ്ങളിൽ സമാധാനം ഉറപ്പിക്കാൻ പോളിംഗ് സ്റ്റേഷനുകളിൽ ആവശ്യത്തിന് കേന്ദ്രസേനയെ വിന്യസിച്ചതായും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന അന്തർദേശീയ അതിർത്തി ചെക്പോസ്റ്റുകളിലും പരിശോധന കർശനമാക്കിയിട്ടുണ്ട്. വ്യോമ നാവിക സേനകളും കർശന പരിശോധന നടത്തുന്നുണ്ട്. ഈ മാസം 26 ന് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കും. അതുകഴിഞ്ഞ് മെയ് 7, മെയ് 13, മെയ് 20, മെയ് 25, ജൂൺ 1 തിയതികളിലായിട്ടാണ് അടുത്ത ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയും ഹരിദ്വാറിലെ ബിജെപി സ്ഥാനാർത്ഥിയുമായ ത്രിവേന്ദ്ര സിംഗ് റാവത്ത് ഇന്ന് ഡെറാഡൂണിലെ പോളിംഗ് ബൂത്തിൽ കുടുംബത്തോടൊപ്പം വോട്ട് രേഖപ്പെടുത്തി.