ന്യൂഡൽഹി: രാജ്യത്ത് പുതിയ ക്രിമിനല്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നു. ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം എന്നിവയാണ് പുതിയ നിയമങ്ങൾ. 1860-ലെ ഇന്ത്യന്‍ ശിക്ഷാനിയമം (ഐ.പി.സി.), 1898ലെ ക്രിമിനല്‍ നടപടിച്ചട്ടം (സി.ആര്.പി.സി.), 1872ലെ ഇന്ത്യന്‍ തെളിവ് നിയമം എന്നിവയ്ക്ക് പകരമാണ് ഇവ നിലവില്‍ വന്നിരിക്കുന്നത്. ഐപിസി ഇനിമുതൽ ഭാരതീയ ന്യായ സംഹിത, 2023 എന്നാകും അറിയപ്പെടുക. സി.ആർ.പി.സി ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയും ഇന്ത്യൻ എവിഡൻസ് ആക്ട് ഭാരതീയ സാക്ഷ്യം എന്ന പേരിലും അറിയപ്പെടും.
പുതിയ നിയമങ്ങൾ പ്രകാരം അധികാരപരിധി പരിഗണിക്കാതെ ഏതൊരു വ്യക്തിക്കും ഏത് പോലീസ് സ്റ്റേഷനിലും സീറോ എഫ്ഐആർ ഫയൽ ചെയ്യാൻ സാധിക്കും. പരാതികൾ ഓൺലൈനായി രജിസ്റ്റർ ചെയ്യാനും സമൻസുകൾ ഇലക്ട്രോണികായി സെർവ് ചെയ്യാനും കഴിയും.
ഇതുവരെ ഡിജിറ്റല്‍ തെളിവുകള്‍ രണ്ടാംനിര തെളിവുകളായാണ് പരിഗണിച്ചിരുന്നതെങ്കില്‍ ഇനി മുതൽ ഇവ പ്രാഥമിക തെളിവുകളാവും. ഫോണ്‍ രേഖകള്‍, വീഡിയോ, ഓഡിയോ രേഖകള്‍, സി.സി.ടി.വി ദൃശ്യങ്ങള്‍, ടവര്‍ലൊക്കേഷന്‍ എന്നിവയെല്ലാം ഇനി കേസില്‍ നിര്‍ണായകമാവും. വേഗത്തിൽ നീതി ഉറപ്പാക്കുന്നതിനാണ് നിയമങ്ങളിൽ മാറ്റം വരുത്തിയത്. പുതിയ നിയമപ്രകാരം വിചാരണ പൂർത്തിയാക്കി 45 ദിവസത്തിനകം വിധി പറയുകയും ആദ്യ വാദം കേട്ട് 60 ദിവസത്തിനുള്ളിൽ കുറ്റം ചുമത്തുകയും വേണം.