തിരുവനന്തപുരം :- അമ്പതിലധികം ജീവനക്കാർ ജോലിചെയ്യുന്ന, മെറ്റേണിറ്റി ബെനിഫിറ്റ് ആക്ടിന്റെ പരിധിയിൽ വരുന്ന തൊഴിലിടങ്ങളിൽ മുലയൂട്ടൽ കേന്ദ്രം, ശിശുപരിപാലന കേന്ദ്രം എന്നിവ നിലവിലുണ്ടോ എന്ന് കണ്ടെത്തുന്നതിന് വനിത ശിശുവികസന വകുപ്പ് സർവേ നടത്തുമെന്ന് ആരോഗ്യ വനിത ശിശുവികസന മന്ത്രി വീണാ ജോർജ്. അവ ഇല്ലാത്തയിടങ്ങളിൽ മുലയൂട്ടൽ കേന്ദ്രം അടക്കമുള്ള ശിശുപരിപാലന കേന്ദ്രങ്ങൾ ആരംഭിക്കേണ്ടത് തൊഴിലുടമകളുടെ ഉത്തരവാദിത്തമാണ് എന്നു സ്ഥാപന മേധാവിയെ ബോധ്യപ്പെടുത്തും. വനിത ശിശുവികസന വകുപ്പ് സംഘടിപ്പിച്ച ലോക മുലയൂട്ടൽ വാരാചരണം, ഗവ. സെക്രട്ടറിയേറ്റിലെ നവീകരിച്ച മോഡൽ ക്രഷ്, പൂജപ്പുര വനിതാ ശിശു വികസന ഡയറക്ടറേറ്റ് കോംപ്ലെക്സിൽ സജ്ജീകരിച്ചിട്ടുള്ള ക്രഷ് എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
“കേരളത്തിലെ തൊഴിൽ മേഖലയിലെ സ്ത്രീ പങ്കാളിത്തം ഇനിയും വർധിക്കേണ്ടതുണ്ട്. കൂടുതൽ സ്ത്രീകളെ തൊഴിൽ മേഖലയിലേയ്ക്ക് ആകർഷിക്കുന്നതിനും നിലനിർത്തുന്നതിനും സ്ത്രീ സൗഹൃദ, സുരക്ഷിത തൊഴിലിടങ്ങൾ ഒരുക്കേണ്ടത് അത്യാവശ്യമാണ്. സ്വകാര്യ മേഖലയിൽ തൊഴിൽ നേടുന്ന വനിതകളിൽ ബഹു ഭൂരിപക്ഷവും പ്രസവാനന്തരം ശിശുപരിപാലനത്തിനായി തൊഴിൽ ഉപേക്ഷിക്കേണ്ട സാഹചര്യം നിലവിലുണ്ട്. സ്ത്രീ ശാക്തീകരണത്തിന്റെ പ്രധാന ഉപാധിയായ സാമ്പത്തിക സ്വയം പര്യാപ്തതയ്ക്ക് ഇത് ഒരു തടസമായി മാറാം. പൊതു സ്വകാര്യ മേഖലയിലെ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനു ലിംഗ സമത്വത്തിലൂന്നിയ പുതിയ തൊഴിൽ സംസ്ക്കാരം രൂപപ്പെടുത്തേണ്ടതുണ്ട്. 2017ലെ മെറ്റേണിറ്റിബെനിഫിറ്റ് (ഭേദഗതി) ആക്ട് പ്രകാരം 50ലധികം ജീവനക്കാർ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ ക്രഷ് സൗകര്യം ഏർപ്പെടുത്തേണ്ടതാണ്’- മന്ത്രി പറഞ്ഞു.
വനിത ശിശുവികസന വകുപ്പ് ഡയറക്ടർ ജി പ്രിയങ്ക അധ്യക്ഷയായ ചടങ്ങിൽ സെക്രട്ടേറിയേറ്റ് വിമൻസ് വെൽഫയർ സൊസൈറ്റി & റിക്രിയേഷൻ ക്ലബ് ജനറൽ സെക്രട്ടറി രാജി ആർ പിള്ള, പ്രസിഡന്റ് ബി സജി, ട്രഷറർ എൽ അശോക കുമാരി, എസ്ബിഐ ചീഫ് ജനറൽ മാനേജർ എ ഭുവനേശ്വരി, ആർട്ട്കോ ചെയർമാൻ വി എസ് അനൂപ്, വനിത ശിശുവികസന വകുപ്പ് അഡീഷണൽ ഡയറക്ടർ ബിന്ദു ഗോപിനാഥ് എന്നിവർ സംസാരിച്ചു.
—