ന്യൂഡൽഹി > പ്രോവിഡന്റ് ഫണ്ടിൽ അംഗങ്ങളാകാനുള്ള ശമ്പളപരിധി ഉയർത്താൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ 15,000 രൂപയാണ് പ്രതിമാസ വേതനപരിധി. ഇത് 21,000 രൂപയായി ഉയർത്തുമെന്നാണ് സൂചന. കൂടുതൽ ജീവനക്കാരെ ചേർക്കാനാണ് പരിധി ഉയർത്തുന്നതെന്ന് തൊഴിൽ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്‌തു. പിഎഫ് ഫണ്ടിലേക്ക് തൊഴിലാളിയും തൊഴിലുടമയും അടയ്‌ക്കേണ്ട വിഹിതവും വർധിക്കും.
2014ലാണ് ശമ്പളപരിധി 6500ൽനിന്ന് 15,000 രൂപയാക്കിയത്. ശമ്പളപരിധി വീണ്ടും ഉയർത്താൻ വിഗദ്‌ധ സമിതിക്ക് തൊഴിൽ മന്ത്രാലയം രൂപംനൽകും. നിലവിൽ ഇഎസ്‌ഐ പദ്ധതിക്കുള്ള ഉയർന്ന ശമ്പളപരിധി 21,000 രൂപയാണ്. ഇതിനനുസരിച്ച് ശമ്പളപരിധി ഉയർത്തിയാൽ 75 ലക്ഷം ജീവനക്കാർ കൂടി പദ്ധതിയുടെ ഭാഗമാകും. നിലവിൽ 6.8 കോടി പേർ പിഎഫ് അംഗങ്ങളാണ്.