തൃശൂർ: തൃശൂരിൽ പാടശേഖരത്തിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. തൃശൂരിലെ സ്വർണ വ്യാപാരി വിശാൽ (40) ആണ് അറസ്റ്റിലായത്. പാലക്കാട് സ്വദേശി രവി (55)യെയാണ് ഞായറാഴ്ച മണ്ണുത്തി കുറ്റമുക്കിനു സമീപത്തെ പാടശേഖരത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്കും തെളിവ് നശിപ്പിച്ചതിനുമാണ് വിശാലിനെതിരെ കേസെടുത്തിരിക്കുന്നത്. വിശാലിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
രാവിലെ നടക്കാനിറങ്ങിയവരാണ് മൃതദേഹം കണ്ടെത്തിയത്. ഇവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിലാണ് വാഹനമിടിച്ചാണ് മരിച്ചതെന്ന് കണ്ടെത്തിയത്. തുടർന്ന് പ്രദേശത്തുകൂടി കടന്നുപോയ വാഹനങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് വിശാൽ പിടിയിലായത്.
മദ്യലഹരിയിലായിരുന്ന രവി വിശാലിന്റെ വീട്ടിലേക്കുള്ള വഴിയിൽ കിടക്കുന്നതിനിടെയായിരുന്നു അപകടം. രവി കിടക്കുന്നത് ശ്രദ്ധിക്കാതെ വാഹനം മുന്നോട്ടെടുത്തപ്പോൾ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. സംഭവം ഒളിപ്പിക്കാനായി മൃതദേഹം കാറിൽ കയറ്റി പാടത്ത് ഉപേക്ഷിച്ചു.