ന്യൂഡൽഹി: ചന്ദ്രയാൻ 3യുടെ സോഫ്റ്റ് ലാൻഡിംഗിനായി പ്രാർത്ഥനയോടെ രാജ്യം. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ചന്ദ്രയാൻ 3 ഇറങ്ങുക. ഇന്ത്യൻ സമയം വൈകുന്നേരം 5.45 മുതൽ 6.04 വരെയുള്ള 19 മിനിട്ടുകളിൽ ഓരോ ഇന്ത്യക്കാരന്റെയും നെഞ്ചിടിപ്പ് ഉയരും. ചന്ദ്രയാൻ -3 സെക്കൻഡിൽ 1.68 കിലോ മീറ്റർ വേഗതയിൽ 30 കിലോ മീറ്റർ ഉയരത്തിൽ നിന്ന് താഴേക്ക് ഇറങ്ങാൻ തുടങ്ങും. അത് ചന്ദ്രന്റെ ഉപരിതലത്തിൽ എത്തുമ്പോഴേക്കും ടച്ച്ഡൗൺ വേഗത ഏതാണ്ട് 0 ആയി കുറയുമെന്ന് അഹമ്മദാബാദിലെ സ്പേസ് ആപ്ലിക്കേഷൻസ് സെന്റർ (എസ്എസി/ഐഎസ്ആർഒ) ഡയറക്ടർ നിലേഷ് എം ദേശായി പറഞ്ഞു.
സോഫ്റ്റ് ലാൻഡിംഗ് വിജയകരമായാൽ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങുന്ന ആദ്യ മിഷൻ എന്ന നേട്ടം ഇന്ത്യയ്ക്ക് സ്വന്തമാകും. മാത്രമല്ല, ദൗത്യം വിജയിച്ചാൽ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യമായും ഇന്ത്യ മാറും. അമേരിക്ക, ചൈന, റഷ്യ (സോവിയറ്റ് യൂണിയൻ) എന്നീ രാജ്യങ്ങൾ മാത്രമാണ് ഇതിന് മുമ്പ് ദൗത്യം വിജയകരമായി പൂർത്തിയാക്കിയിട്ടുള്ളത്.