ഗാന്ധിനഗര്‍: ആയുധങ്ങളും വെടിക്കോപ്പുകളും 40 കിലോഗ്രാം മയക്കുമരുന്നുമായി ഗുജറാത്ത് തീരത്ത് പാക് ബോട്ട് പിടിയില്‍. ഇതിന് 300 കോടി രൂപ വിലമതിക്കും. ബോട്ടിലുണ്ടായിരുന്ന പത്ത് പാക് പൗരന്മാരെ തീരസംരക്ഷണ സേന അറസ്റ്റ്ചെയ്തു.
രഹസ്യവിവരത്തെ തുടര്‍ന്ന് 25ന് രാത്രിയിൽ രാജ്യാന്തര അതിര്‍ത്തിയില്‍ നടത്തിയ തിരച്ചിലിലാണ് ബോട്ട് പിടിയിലായത്. തീരസംരക്ഷണ സേനയുടെ അരിഞ്ജയ് തിങ്കളാഴ്ച പുലർച്ചെയാണ് പാകിസ്ഥാൻ മത്സ്യബന്ധന ബോട്ട് ‘അൽ സൊഹേലി’ തടഞ്ഞത്. മുന്നറിയിപ്പ് വെടിയുതിർത്തപ്പോഴും ബോട്ട് നിർത്തിയില്ല. തുടര്‍ന്ന് തടഞ്ഞുനിര്‍ത്തുകയായിരുന്നു. അറസ്റ്റിലായവരെ ഗുജറാത്തിലെ തീരദേശ പട്ടണമായ ഓഖയിലേക്ക് കൊണ്ടുവന്നു.
18 മാസത്തിനിടെ തീരസംരക്ഷണസേനയും ഗുജറാത്തിലെ ഭീകരവിരുദ്ധ സേനയും ചേർന്ന് നടത്തുന്ന ഏഴാമത്തെ സംയുക്ത ഓപ്പറേഷനാണിത്. ഇക്കാലയളവിൽ 1930 കോടി രൂപ വിലമതിക്കുന്ന 346 കിലോ ഹെറോയിൻ പിടിച്ചെടുത്തു.