ചെന്നൈ: തമിഴ്നാട് കള്ളക്കുറിച്ചയിലെ വ്യാജമദ്യദുരന്തവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതിയായ ചിന്നദുരൈ പോലീസ് പിടിയിൽ. നൂറോളം വ്യാജമദ്യ ദുരന്തക്കേസിലെ മുഖ്യപ്രതിയാണ് പിടിയിലായ ചിന്നദുരൈ എന്ന് തമിഴ്നാട് പൊലീസ് പറഞ്ഞു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത് കടലൂരിൽ നിന്നാണ്. കള്ളക്കുറിച്ചിയിൽ വ്യാജമദ്യദുരന്തത്തിലെ മരണസംഖ്യ 50 ആയി ഉയർന്നു. വ്യാജമദ്യദുരന്ത സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട് സർക്കാർ പ്രതിരോധത്തിലായിരിക്കുകയാണ്. വ്യാദമദ്യ നിർമാണവുമായി ബന്ധപ്പെട്ട നൂറിലധികം കേസുകളിൽ പ്രതിയായ ഒരു വ്യക്തി എങ്ങനെ ജയിലിന് പുറത്തിറങ്ങി സമാന കുറ്റകൃത്യങ്ങൾ തുടരുന്നു എന്നത് ചൂണ്ടിക്കാട്ടി സ്റ്റാലിൻ സർക്കാറിനെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. കള്ളക്കുറിച്ചി വിഷമദ്യദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബം ഇന്നലെ തന്നെ ചിന്നദുരൈയുടെ അറസ്റ്റ് ആവശ്യപ്പെട്ടിരുന്നു.