ചെന്നെെ: ഇന്ത്യയുടെ ആദ്യത്തെ ഹ്രസ്വദൂര ഉപഗ്രഹ വിക്ഷേപണ വാഹനമായ എസ്എസ്എല്‍വി വിക്ഷേപിച്ചു. നിലവിൽ വിക്ഷേപിച്ച ഉപഗ്രഹങ്ങളുമായി ബന്ധം സ്ഥാപിക്കാനാകുന്നില്ലെന്ന് അധികൃതർ പറഞ്ഞു. പരിശോധനകള്‍ നടക്കുകയാണെന്നും എസ്എസ്എല്‍വിയുടെ മൂന്ന് ഘട്ടങ്ങൾ കൃത്യമായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ഐഎസ്ആർഒ ചെയര്‍മാന്‍ പറഞ്ഞു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് രാവിലെ 9.18 നാണ് റോക്കറ്റ് വിക്ഷേപിച്ചത്. എർത്ത് ഒബ്‌സർവേഷൻ സാറ്റലൈറ്റ് (ഇഒഎസ്–02), ആസാദിസാറ്റ് എന്നീ ഉപഗ്രഹങ്ങളെ വഹിച്ചുകൊണ്ടാണ് എസ്എസ്എൽവിയുടെ കുതിപ്പ്.സ്പേസ്കിഡ്സ് ഇന്ത്യ എന്ന സ്റ്റാർട്ടപ്പിന്റെ നേതൃത്വത്തിൽ ഇന്ത്യയിൽ ഗ്രാമീണമേഖലയിൽ നിന്നുള്ള 750 വിദ്യാർത്ഥിനികൾ വികസിപ്പിച്ചതാണ് ആസാദിസാറ്റ്. രാജ്യത്തിനകത്തും പുറത്തുമുള്ള ഉപയോക്താക്കൾക്ക് ഭാവിയിൽ എസ്എസ്എൽവി സേവനം ഉപയോഗിക്കാൻ കഴിയും. മൂന്ന് ഖര ഇന്ധന ഘട്ടമുള്ള എസ്‌എസ്‌എൽവിക്ക് 34 മീറ്റർ ഉയരവും 120 ടൺ ഭാരവുമാണുള്ളത്. വലിയ വിക്ഷേപണ വാഹനങ്ങൾ ഒരുക്കാൻ 40 – 60 ദിവസം വേണ്ടിവരുമ്പോൾ എസ് എസ്എൽവിക്കു 3 ദിവസം മാത്രം മതി. ഉപയോക്താക്കളിൽ നിന്ന് ഓർഡർ ലഭിച്ചാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ വിക്ഷേപണം നടത്താമെന്നത് എസ്എസ്എൽവിയുടെ ഗുണമാണ്.മിനി, മൈക്രോ ഉപഗ്രഹങ്ങളെ ഭൂമിയോടടുത്തുള്ള ഭ്രമണപഥത്തിൽ കൃത്യതയോടെ എത്തിക്കാൻ രൂപകൽപ്പന ചെയ്‌ത റോക്കറ്റാണിത്. ചെലവ് കുറഞ്ഞ സാങ്കേതികവിദ്യയും കുറഞ്ഞ വിക്ഷേപണച്ചെലവുമാണ് ഇതിന്റെ പ്രത്യേകത. അഞ്ഞൂറു കിലോവരെയുള്ള ഉപഗ്രഹങ്ങളെ ലക്ഷ്യത്തിലെത്തിക്കാൻ എസ്എസ്എല്‍വിക്ക് സാധിക്കും. ഒന്നിലധികം മിനി സാറ്റലൈറ്റുകളെയും ഇത് വഹിക്കും. 170 കോടി രൂപ ചെലവഴിച്ച് അഞ്ച് വര്‍ഷം കൊണ്ടാണ് എസ്എസ്എല്‍വി വികസിപ്പിച്ചെടുത്തത്.ഒരു വർഷം എട്ട് എസ് എസ് എല്‍ വി വിക്ഷേപണങ്ങളെങ്കിലും നടത്താനാണ് തുടക്കത്തിലെ ലക്ഷ്യം. 2016ലെ നാഷണൽ സ്പേസ് സയൻസ് സിമ്പോസിയത്തിലാണ് പിഎസ്എൽവിയെക്കാൾ ചെറിയ വിക്ഷേപണ വാഹനമെന്ന ആശയം ആദ്യമായി ഉയർന്നുവന്നത്. 2020 മുതൽ വാണിജ്യ ദൗത്യങ്ങൾക്കായി ഉപയോഗിക്കാനാണ് തീരുമാനിച്ചെങ്കിലും, കൊവിഡ് അടക്കമുള്ള കാരണങ്ങൾ മൂലം വൈകിയ പദ്ധതിയാണ് ഇപ്പോൾ യാഥാർത്ഥ്യമായത്.