തിരുവനന്തപുരം: ആലപ്പുഴയില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ 2023ലെ കേരള പൊതുജനാരോഗ്യ നിയമ പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിർദേശം നൽകി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആലപ്പുഴയിലെ രണ്ട് പ്രദേശങ്ങളില്‍ താറാവുകളില്‍ പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് കേരള പൊതുജനാരോഗ്യ നിയമ പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്.
എല്ലാ ജില്ലകളിലേയും വണ്‍ ഹെല്‍ത്ത് കമ്മിറ്റികളുടെ പ്രവർത്തനം ഊര്‍ജിതമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരളത്തില്‍ പക്ഷിപ്പനി ഇന്നേവരെ മനുഷ്യരെ ബാധിച്ചിട്ടില്ലെങ്കിലും മുന്‍ കരുതലുകള്‍ നടപടികൾ സ്വീകരിക്കേണ്ടത് പ്രധാനമാണ്. ആരോഗ്യ വകുപ്പ് നല്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും കർശനമായി പാലിക്കണം. രോഗബാധിത പ്രദേശങ്ങളിലുള്ളവരിൽ പനിയും മറ്റ് രോഗലക്ഷണങ്ങളും ഉണ്ടാകുന്നത് ആരോഗ്യ വകുപ്പ് പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. ഈ പ്രദേശങ്ങളിലുള്ളവര്‍ക്ക് ശ്വാസകോശ സംബന്ധമായ ആരോഗ്യബുദ്ധിമുട്ടുകൾ ഉണ്ടായാൽ ഡോക്ടറെ അറിയിക്കുകയും ചികിത്സ തേടുകയും വേണം.
പൊതുജനാരോഗ്യ നിയമ പ്രകാരമുള്ള പഞ്ചായത്ത് തല സമിതികള്‍ അടിയന്തരമായി കൂടുവാനും സ്ഥിതിഗതികള്‍ വിലയിരുത്തി നടപടികള്‍ സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്കി. ആലപ്പുഴ ജില്ലയിലെ പഞ്ചായത്തുകളിലും നിരീക്ഷണത്തിലുള്ള സമീപ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും നടപടികൾ സ്വീകരിക്കാനാണ് നിർദേശം. ഇത് ജില്ലാ തലത്തില്‍ മോണിറ്റര്‍ ചെയ്യേണ്ടതും നടപടികളുടെ റിപ്പോര്‍ട്ട് സംസ്ഥാന തലത്തില്‍ അറിയിക്കേണ്ടതുമാണെന്ന് മന്ത്രി വ്യക്തമാക്കി.