ലോകചെസ് ചാമ്പ്യനെ നേരിടാനുള്ള കളിക്കാരനെ കണ്ടെത്താനുള്ള കാന്‍ഡിഡേറ്റ്സ് ചെസില്‍ ആറാം റൗണ്ട് പിന്നിട്ടപ്പോള്‍ ഇന്ത്യയുടെ ഡി.ഗുകേഷ് ഒന്നാം സ്ഥാനത്ത് എത്തി. ഇതുവരെ തോല്‍വി അറിയാത്ത ഗുകേഷ് ആറാം റൗണ്ടില്‍ യുഎസിന്റെ ഹികാരു നകാമുറയുമായി സമനില നേടിയതോടെ നാല് പോയിന്റായി. ഇയാന്‍ നെപോമ്നിയാച്ചിയും നാല് പോയിന്റോടെ ഒന്നാം സ്ഥാനത്തുണ്ട്.
പ്രജ്ഞാനന്ദ ആറാം റൗണ്ടില്‍ അസര്‍ബൈജാന്റെ നിജാത് അബസൊവിനെ തോല്പിച്ചതോടെ മൂന്നര പോയിന്റ് നേടി മൂന്നാം സ്ഥാനത്ത് നിന്നും രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. മൂന്നരപോയിന്റോടെ യുഎസിന്റെ ഫാബിയാനോ കരുവാനയും രണ്ടാം സ്ഥാനത്തുണ്ട്. വിദിത് ഗുജറാത്തി രണ്ട് തോല്‍വികള്‍ക്ക് ശേഷം വിജയം കൊയ്തു. ഫ്രാന്‍സിന്റെ അലിറെസ ഫിറൂജ്സെയെയാണ് തോല്പിച്ചത്. ഇതോടെ മൂന്ന് പോയിന്റോടെ വിദിത് ഗുജറാത്തി മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
വനിതാ വിഭാഗത്തില്‍ പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലിയും കൊനേരു ഹംപിയും താഴെയാണ്. ചൈനയുടെ ടാന്‍ സൊങ്കി, അലക്സാന്റ്ര ഗോരിച്കിന, കാതറിന ലാംഗ്യോ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്.