ന്യൂഡൽഹി:അമേരിക്കയിലേക്കുള്ള മനുഷ്യക്കടത്താണെന്ന സംശയത്തെ തുടർന്ന് ഫ്രാൻസിലെ വാട്രി വിമാനത്താവളത്തിൽ തടഞ്ഞുവച്ച ഇന്ത്യക്കാരിൽ ,അവിടെനിന്ന് തിരിച്ചയച്ച 276 പേർ ചൊവ്വ പുലർച്ചെ മുംബൈയിലെത്തി. പ്രായപൂർത്തിയാകാത്ത രണ്ടുപേരടക്കം 25 പേർ ഫ്രാൻസിൽ തുടർന്നു.
യാത്രക്കാരിൽ പഞ്ചാബിൽനിന്നുള്ളവരാണ് ഏറ്റവും കൂടുതൽ.150 പേർ 20–-30 വയസ്സുള്ളവർ. 17 മാസം പ്രായമായ കുഞ്ഞടക്കം 17 പ്രായപൂർത്തിയാകാത്തവരുമുണ്ട്. നിയമപരമായ രക്ഷകർത്താക്കളില്ലാതെയാണ് ഇവർ യാത്രചെയ്തത്. റൊമേനിയൻ ലെജൻഡ് എയർലൈൻസ് വിമാനം നാലുദിവസംമുമ്പാണ് തടഞ്ഞത്. ദുബായിൽനിന്ന് നിക്കരാഗ്വയിലേക്കുള്ള യാത്രക്കിടെ ഫ്രാൻസിൽ ഇന്ധനം നിറയ്ക്കാൻ ഇറങ്ങിയപ്പോഴായിരുന്നു ഇത്.