ന്യൂഡൽഹി : ഐപിസിയും സിആർപിസിയും ഇനി ചരിത്രം. ക്രിമിനൽ നിയമ ഭേദഗതി ബില്ലുകൾ രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകരിച്ചു. ലോക്സഭയും രാജ്യസഭയും പാസാക്കിയ ബില്ലുകളിൽ രാഷ്ട്രപതി ഒപ്പുവെച്ചതോടെ ഐപിസി, സിആർപിസി, ഇന്ത്യൻ തെളിവു നിയമം എന്നിവയ്ക്കുപകരമായി അവതരിപ്പിക്കപ്പെട്ട ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ ബില്ലും നിയമമായി.
പാർലമെൻറിൻറെ ശൈത്യകാല സമ്മേളനമാണ് നേരത്തെ ബില്ലുകൾ പാസാക്കിയിരുന്നത്. 1860ലെ ഇന്ത്യൻ ശിക്ഷാനിയമത്തിന് (ഐപിസി) പകരം ഭാരതീയ ന്യായ സംഹിത, 1898ലെ ക്രിമിനൽ നടപടിച്ചട്ടത്തിന് പകരം (സി.ആർ.പി.സി) ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, 1872ലെ ഇന്ത്യൻ തെളിവ് നിയമത്തിന് പകരം ഭാരതീയ സാക്ഷ്യ എന്നീ ബില്ലുകളാണ് നേരത്തെ പാസാക്കിയിരുന്നത്. ആഗസ്റ്റിൽ അവതരിപ്പിച്ച ബില്ലുകൾ പിൻവലിച്ച് ഭേദഗതി വരുത്തിയശേഷമാണ് വീണ്ടും അവതരിപ്പിച്ചത്.