ന്യൂഡൽഹി : ന്യൂസ് ക്ലിക്ക്ന്റെ ബാങ്ക് അക്കൗണ്ടുകൾ ആദായ നികുതി വകുപ്പ് മരവിപ്പിച്ചതിൽ പ്രതിഷേധവുമായി സ്ഥാപനം . നടപടി കാരണം ബാങ്ക് ഇടപാടുകൾ നടത്താൻ കഴിയുന്നില്ലെന്നും ജീവനക്കാർ പ്രതിസന്ധിയിലായിരിക്കുകയാണെന്നും ന്യൂസ് ക്ലിക്ക് പ്രസ്താവനയിൽ പറഞ്ഞു. അന്യായമായ ഈ നടപടിക്കെതിരെ നിയമ നടപടികൾ എത്രയും വേഗം ആരംഭിക്കും. കഴിഞ്ഞ 18 നാണ് ബാങ്ക് അക്കൗണ്ടുകൾ ആദായ നികുതി വകുപ്പ് മരവിപ്പിച്ചത്. ഇഡി, ഡൽഹി പൊലീസ് വേട്ടയാടലിന്റെ തുടർച്ചയാണ് നടപടികൾ. അറസ്റ്റിലായ ന്യൂസ്ക്ലിക്ക് സ്ഥാപകൻ പ്രബീർ പുർക്കയസ്യും അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അമിത് ചക്രവർത്തിയും ജയിലിൽ കഴിയുകയാണ്.
ന്യൂസ്ക്ലിക്കിന് അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിനെക്കുറിച്ച് ഒരു അറിയിപ്പും ലഭിച്ചില്ല. പതിവ് ഇടപാടുകൾ നടത്തുന്നതിനിടെ ജീവനക്കാരാണ് ഇത് ശ്രദ്ധയിൽപ്പെടുത്തിയത്. ഇതിലൂടെ ജീവനക്കാർക്ക് ഡിസംബറിലെ 19 ദിവസത്തെ ശമ്പളം ഉൾപ്പെടെ നൽകാൻ കഴിയാത്ത സ്ഥിതിയാണ്. വർഷാവസാന ഉത്സവ സീസണിൽ, പെട്ടെന്നുള്ള ഈ നടപടി ജീവനക്കാരെ മുഴുവൻ ഞെട്ടിച്ചിരിക്കുകയാണ് – ന്യൂസ്ക്ലിക്ക് പ്രസ്താവനയിൽ പറഞ്ഞു.