കുവൈത്ത് സിറ്റി: ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ തകർപ്പൻ ജയംകുറിച്ച് ഇന്ത്യ . കുവൈത്തിനെ അവരുടെ നാട്ടിൽ ഒരു ഗോളിന് മറികടന്നു. 22 വർഷങ്ങൾക്കുശേഷമാണ് ലോകകപ്പ് യോഗ്യതാപോരിൽ എതിരാളിയുടെ തട്ടകത്തിൽ ഇന്ത്യ ജയിക്കുന്നത്. 2027ൽ സൗദി അറേബ്യയിൽ നടക്കുന്ന ഏഷ്യാകപ്പിനുള്ള യോഗ്യതയും കൂടിയാണിത്. മൻവീർ സിങ്ങാണ് 75–-ാംമിനിറ്റിൽ വിജയഗോൾ കുറിച്ചത്. അടുത്തമത്സരം കരുത്തരായ ഖത്തറിനോടാണ്. 21ന് ഭുവനേശ്വറിലാണ് കളി. ഗ്രൂപ്പ് എയിൽ ഒന്നാമതാണ് നിലവിലെ ചാമ്പ്യൻമാരായ ഖത്തർ. ആദ്യകളിയിൽ അഫ്ഗാനിസ്ഥാനെ 8–-1ന് കശക്കി. ഇന്ത്യ രണ്ടാമതാണ്. ഇരുടീമുകൾക്കും മൂന്ന് പോയിന്റുണ്ടെങ്കിലും ഗോളടിക്കണക്കിൽ ഖത്തർ ഒന്നാമതെത്തി.