ന്യൂഡൽഹി: ഉദ്യോഗസ്ഥനിയമനങ്ങളിലും മറ്റും കേന്ദ്രസർക്കാരിന് അധികാരം നൽകുന്ന ഡൽഹി ഓർഡിനൻസിന് പകരമായുള്ള ബിൽ രാജ്യസഭയിൽ തിങ്കളാഴ്‌ച പരിഗണിക്കും. നേരത്തേ ലോക്‌സഭ ചർച്ചയ്‌ക്കുശേഷം ശബ്‌ദവോട്ടോടെ ബിൽ പാസാക്കിയിരുന്നു. രാജ്യസഭയിൽ ഭൂരിപക്ഷമില്ലെങ്കിലും ബിജുജനതാദൾ, വൈഎസ്‌ആർസിപി തുടങ്ങിയ പാർടികളുടെ സഹായത്തോടെ ഡൽഹി ഓർഡിനൻസ് ബിൽ പാസാക്കാമെന്ന പ്രതീക്ഷയിലാണ് സർക്കാർ. ലോക്‌സഭ ചൊവ്വാഴ്‌ച മുതൽ സർക്കാരിനെതിരായ അവിശ്വാസപ്രമേയം ചർച്ചയ്‌ക്കെടുക്കും. വ്യാഴാഴ്‌ച പ്രധാനമന്ത്രി പ്രമേയത്തിന് മറുപടി നൽകും. ലോക്‌സഭയിൽ എൻഡിഎ മുന്നണിക്ക് 331 എംപിമാരുള്ളതിനാൽ അവിശ്വാസപ്രമേയം സർക്കാരിന് ഭീഷണിയാകില്ല. എന്നാൽ, മണിപ്പുർ കലാപം, ഹരിയാന സംഘർഷം തുടങ്ങിയ വിഷയങ്ങൾ ചർച്ചയിൽ സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷ എംപിമാർക്ക് അവസരം ലഭിക്കും. ‘ഇന്ത്യ’ കൂട്ടായ്‌മ രൂപീകരിച്ചശേഷം ആ കക്ഷികൾക്കെല്ലാമായി സഭയിൽ യോജിച്ച് സർക്കാരിനെ എതിർക്കാനുള്ള അവസരവും ഒരുങ്ങും.