Uncategorized

തിരുവല്ലയിൽ 110 കിലോ പഴകിയ മീൻ പിടികൂടി.

പത്തനംതിട്ടഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ തിരുവല്ലയിൽ 110 കിലോ പഴകിയ മത്സ്യം പിടികൂടി. മെഴുവങ്ങാട്‌ മത്സ്യ മാർക്കറ്റിൽ ബുധനാഴ്‌ച വെളുപ്പിന്‌ മൂന്നിന്‌ നടത്തിയ പരിശോധനയിലാണ്‌ മീൻ പിടികൂടിയത്‌. മത്തി, അയല, കേരചൂര, തിലോപ്പിയ തുടങ്ങിയ മീനുകളാണ്‌ പിടികൂടിയത്‌. പല വാഹനങ്ങളിൽ നിന്ന്‌ കണ്ടെത്തിയ 110 കിലോ മത്സ്യവും നശിപ്പിച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പും ഫിഷറീസ്‌ വകുപ്പും സംയുക്‌തമായാണ്‌ പരിശോധന നടത്തിയത്‌.   മൊത്ത മാർക്കറ്റുകളിൽ എത്തുന്ന പഴകിയ മത്സ്യം പിടികൂടുന്നതിനായി നടത്തുന്ന രാത്രി പരിശോധനയിലാണ്‌ മീൻ പിടികൂടിയത്‌. പരിശോധനയിൽ 19 സാമ്പിളുകൾ പരിശോധിച്ചു. എത്തുന്ന മീനിൽ അമോണിയ, ഫോർമാലിൻ എന്നിവ അടങ്ങിയിരുന്നില്ല. കേടായ അഴുകിയ നിലയിലുള്ള മീനാണ്‌ പിടികൂടി നശിപ്പിച്ചത്‌. ഒറ്റ നോട്ടത്തിൽ മീൻ പഴകിയതാണെന്ന്‌ ബോധ്യപ്പെട്ടിരുന്നു. മത്സ്യ മാർക്കറ്റ്‌ ലേലം കൊണ്ടയാൾക്ക്‌ വകുപ്പ്‌ നോട്ടീസ്‌ നൽകി. കൂടുതൽ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ തുടർ നടപടിയും സ്വീകരിക്കും. മത്സ്യം എത്തിക്കുന്ന ലോറികൾക്ക്‌ എഫ്‌എസ്‌എസ്‌എഐ രജിസ്‌ട്രേഷൻ വേണമെന്നാണ്‌ നിയമം. ഇത്‌ വാഹനത്തിൽ കാണണം.വാഹനങ്ങൾ രജിസ്‌ട്രേഷൻ ഇല്ലാതെയാണ്‌ എത്തുന്നതെന്ന്‌ കണ്ടെത്തി.    സംസ്ഥാനത്ത്‌ ട്രോളിങ് നിരോധനം ഏർപ്പെടുത്തിയതോടെ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ മീൻ പരിശോധന ശക്‌തമാക്കിയിരുന്നു. ജൂലൈ 31 വരെ 52 ദിവസത്തേയ്‌ക്കാണ്‌ ട്രോളിങ് നിരോധിച്ചിരിക്കുന്നത്‌. ഈ സാഹചര്യത്തിൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന്‌ അടക്കം മീൻ എത്തും. ഇത്തരത്തിൽ എത്തുന്ന മീൻ ചിലപ്പോൾ ഭക്ഷ്യ യോഗ്യമാകണമെന്നില്ല. മത്സ്യങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായാണ്‌ പ്രത്യേക പരിശോധന. പരിശോധനയുടെ ഭാഗമായി മത്സ്യ മാർക്കറ്റുകളിലും മത്സ്യ വിപണന കേന്ദ്രങ്ങളിലും പരിശോധന ആരംഭിച്ചിട്ടുണ്ട്‌. മാർക്കറ്റുകളിൽ മത്സ്യം എത്തുന്ന സമയത്ത്‌ നേരിട്ടെത്തിയാണ്‌ പരിശോധന. 

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *