ഹൈദരാബാദ്: കന്യാകുമാരി മുതൽ കശ്മീർ വരെ പടയോട്ടോത്തിനു സജ്ജമായ ഒരു പ്രസ്ഥാനം സർവസജ്ജമായി മുന്നേറുമ്പോൾ പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ സഖ്യമാണു രൂപപ്പെടേണ്ടതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. 2024ലെ പൊതുതെരഞ്ഞെടുപ്പിൽ ബിജെപി വിരുദ്ധ സർക്കാർ വരും. അതിനു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നേതൃത്വം നൽകുമെന്നും ഖാർഗെ പറഞ്ഞു. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത് ഹൈദരാബാദിൽ കൂടിയ പൊതു സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി അധ്യക്ഷനായ ശേഷം ഖാർഗെയുടെ ആദ്യത്തെ പൊതു സമ്മേളനമായിരുന്നു ഇത്. ആയിരങ്ങൾ പങ്കെടുത്ത സമ്മേളനത്തെ ആവേശഭരിതരാക്കി, ഖാർഗെ നരന്ദ്രമോദിക്കും തെലുങ്കാന മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പിനുമെതിരേ ആഞ്ഞടിച്ചു.
രാജ്യത്തിന്റെ സമസ്ത മേഖലയെയും നരേന്ദ്ര മോദി തകർത്തു. 70 വർഷം കോൺഗ്രസ് ഭരണത്തിൽ രാജ്യം കൈവരിച്ച മുഴുവൻ വികസനങ്ങളും മോദി അട്ടിമറിച്ചു. പണ്ഡിറ്റ് ജവഹർലാൽ നെഹറു സ്ഥാപിച്ച അതിശക്തമായ അടിത്തറയിലാണ് ഇന്ത്യയുടെ ജനാധിപത്യം. ഇക്കാലമത്രയും കോൺഗ്രസ് സർക്കാരുകൾ സുരക്ഷിതമായി സംരക്ഷിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തതു കൊണ്ടാണ് മോദിക്ക് ഇന്ന് ഇവിടെയിരുന്ന് ഭരിക്കാൻ കഴിയുന്നത്. എന്നാൽ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും പാരമ്പര്യങ്ങൾ തകർക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. അതൊരിക്കലും കോൺഗ്രസ് പാർട്ടി അനുവദിച്ചു കൊടുക്കില്ല. കന്യാകുമാരി മുതൽ കശ്മീർ വരെയും ഗുജറാത്ത് മുതൽ അസം വരെയുമുള്ള ജനങ്ങളെ ശക്തിപ്പെടുത്തി കോൺഗ്രസ് അധികാരത്തിൽ വരും. അതിന്റെ പടയോട്ടമാണ് ഭാരത് ജോഡോ യാത്രയെന്നും ഖാർഗെ പറഞ്ഞു.
ഹിമാചൽ പ്രദേശിനൊപ്പെ തെരഞ്ഞെടുപ്പ് നടക്കേണ്ട സംസ്ഥാനമാണു ഗുജറാത്ത്. ഹിമാചലിൽ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഗുജറാത്തിൽ അതു നീളുന്നു. മോർബിയിലെപ്പോലെ ഇനിയും കൂടുതൽ പാലങ്ങൾ തുറന്ന് ജനങ്ങളുടെ ജീവൻ അകടത്തിലാക്കി, വികസന നേട്ടം വിവരിക്കാനാണ് ഈ വച്ചു നീട്ടലെന്നും ഖാർഗെ പരിഹസിച്ചു.
ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് തെലുങ്കാനയിലെ ജനങ്ങളെ വഞ്ചിക്കുകയാണ് നിങ്ങളുടെ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു ചെയ്യുന്നതെന്ന് ചടങ്ങിൽ പ്രസംഗിച്ച രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. കോൺഗ്രസ് ഇല്ലാത്ത പ്രതിപക്ഷം തട്ടിക്കൂട്ടാനാണ് റാവു ശ്രമിക്കുന്നത്. പാർലമെന്റിൽ
വിവാദമായ കർഷക ദ്രോഹ ബില്ലുകൾ വരെ അനുകൂലിച്ച ശേഷം പുറത്ത് ബിജെപി വിരുദ്ധത പ്രസംഗിക്കുകയാണ് റാവു. കേന്ദ്ര സർക്കാരിന്റെ മുഴുവൻ നയങ്ങളെയും പിന്തുണച്ച ശേഷം പുറത്ത് ബിജെപി വുരുദ്ധത പറയുന്നത് ഇരട്ടത്താപ്പാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ആദ്യ പൊതു പരിപാടിയിൽ ഖാർഗെയ്ക്ക് ആവേശ പൂർവമായ സ്വകീരണമാണ് ലഭിച്ചത്. നിലയ്ക്കാത്ത കൈയടിയും ജെയ് വിളിയും കൊണ്ട് പ്രവർത്തകർ അദ്ദേഹത്തിന്റെ പ്രസംഗം പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. ഇന്നലെ ഉച്ച കഴിഞ്ഞു ഹൈദരാബാദിലെത്തിയ അദ്ദേഹം നെക്ക്ലെസ് റോഡിൽ ഇന്ദിരാ ഗാന്ധി പ്രതിമയ്ക്കു മുന്നിൽ രാഹുലിനൊപ്പം ദേശീയ പതാക ഉയര്ത്തി.