തിരുവനന്തപുരം: ഐക്യരാഷ്ട്രസഭയുടെ ഇന്‍റര്‍നെറ്റ് ഭരണ സമിതിയായ ഐജിഎഫിന്‍റെ നേതൃസമിതിയില്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനും കേന്ദ്ര ഇലക്ട്രോണിക്സ് ഐടി മന്ത്രാലയ സെക്രട്ടറിയുമായ അല്‍ക്കേഷ് കുമാര്‍ ശര്‍മ്മ നിയമിതനായി. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസ് നടത്തിയ ഈ നിയമനം ഇന്ത്യയുടെ ഡിജിറ്റല്‍ ഗവേണന്‍സിനും പുതുതലമുറ സാങ്കേതികവിദ്യയ്ക്കുമുള്ള അംഗീകാരമായാണ് കണക്കാക്കുന്നത്. കേരള കേഡറിലെ 1990 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അല്‍കേഷ് കുമാര്‍ ശര്‍മ്മ ക്യാബിനറ്റ് സെക്രട്ടേറിയേറ്റിലെ മുന്‍ സെക്രട്ടറിയായിരുന്നു. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പത്ത് വിദഗ്ധര്‍ മാത്രമാണ് ഈ സമിതിയില്‍ അംഗങ്ങളായിട്ടുള്ളത്. നോബല്‍ സമ്മാന ജേതാവും മാധ്യമപ്രവര്‍ത്തകയുമായ രമിയ റെസ്സ, ഡിജിറ്റല്‍ വിദഗ്ധന്‍ വിന്‍റ് സെര്‍ഫ് എന്നിവരും അംഗങ്ങളാണ്. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലിന്‍റെ പ്രതിനിധി അമന്‍ദീപ് സിംഗ് ഗില്ലുള്‍പ്പെടെ ഈ സമിതിയില്‍ അഞ്ച് എക്സ്-ഓഫീഷ്യോ അംഗങ്ങളുമുണ്ട്. രണ്ട് വര്‍ഷത്തേക്കാണ് സമിതിയുടെ കാലാവധി.