അസമിൽ വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്നു. ശക്തമായ മഴയും വെള്ളപ്പൊക്കവും സംസ്ഥാനത്തെ 29 ജില്ലകളിലായി എട്ട് ലക്ഷത്തിലധികം പേരെ ബാധിച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മഴക്കെടുതിയിൽ രണ്ട് കുട്ടികളടക്കം നാല് പേർ കൂടി മരിച്ചു. ഇതോടെ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ ആകെ എണ്ണം 14 ആയി. നാഗാവോൺ, കച്ചാർ, കരിംഗഞ്ച്, ഹോജായ്, ദരാംഗ്, ചറൈഡിയോ, ധേമാജി, ദിബ്രുഗഡ്, ബജാലി, ബക്‌സ, ബിസ്വനാഥ്, ലഖിംപൂർ എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. കച്ചാർ (2), നാഗോൺ, ലഖിംപൂർ ജില്ലകളിൽ നിന്നാണ് നാല് മരണങ്ങൾ റിപ്പോർട്ട് ചെയ്തതെന്ന് അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (എഎസ്‌ഡിഎംഎ) ഉദ്യോഗസ്ഥർ പറഞ്ഞു.