ന്യൂഡൽഹി : ഹൈക്കോടതി ഉത്തരവിന് പിന്നാലെ ഹരിയാനയിലെ നൂഹിൽ ബിജെപി സർക്കാർ തുടരുന്ന ഇടിച്ചുനിരത്തൽ നടപടികൾ നിർത്തിവച്ചു. വർഗീയ സംഘർഷത്തിൽ സ്വമേധയാ എടുത്ത കേസിലാണ് ബുൾഡോസറുകൾ ഉപയോഗിച്ച് ന്യൂനപക്ഷങ്ങളുടെ കെട്ടിടങ്ങളും വീടുകളും കൂട്ടമായി ഇടിച്ചുനിരത്തുന്ന നടപടികൾ നിർത്താൻ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഉത്തരവിട്ടത്. ഹൈക്കോടതി വിധിയെ തുടർന്ന് ബുൾഡോസർ നടപടി നിർത്തിവയ്‌ക്കാൻ ഡെപ്യൂട്ടി കമ്മിഷണർ ധീരേന്ദ്ര ഖഡ്‌ഗത ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാറിനും പൊലീസിനും കോടതി നോട്ടീസ് അയച്ചു. പൊളിക്കൽ നടപടികൾ അഞ്ചു ദിനം പിന്നിട്ടതിനു പിന്നാലെയാണ് ഹൈക്കോടതിയുടെ ഇടപ്പെടൽ. അഞ്ച് ദിവസത്തിനിടെ നിരവധി കെട്ടിടങ്ങളാണ് സർക്കാർ ഇടിച്ചുനിരത്തിയത്. റെസ്‌റ്റോറന്റും ഹോട്ടലുമടക്കം പ്രവർത്തിച്ചിരുന്ന ഒരു നാലുനില കെട്ടിടമടക്കം 16 കെട്ടിടങ്ങളാണ് ഞായറാഴ്‌ച മാത്രം പൊളിച്ചു. ശനിയാഴ്‌ച 46 കെട്ടിടങ്ങളും 39 കുടിലുകളും പൊളിച്ചുനീക്കിയിരുന്നു.