മനാമ : സൗദിയിലെ അസീര്‍ ചുരത്തില്‍ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് തീപിടിച്ച് 20 പേര് മരിച്ചു. രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 29 പേര്‍ക്ക് പരിക്കേറ്റു.
തിങ്കളാഴ്ച വൈകീട്ട് അസീര്‍ ഗവര്‍ണറേറ്റിലെ അഖാബ ഷാര് ചുരത്തിലാണ് ദുരന്തം ഉണ്ടായത്. ഉംറ നിര്‍വഹിക്കാന്‍ മക്കയിലേക്ക് പോകുകയായിരുന്നു സംഘമാണ് അപകടത്തില്‍പ്പെട്ടത്. ബ്രേക്ക് തകരാറിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബസ് പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് താഴ്ചയിലേക്ക് മറിയുകയും തീപിടിക്കുകയുമായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.