കൊച്ചി: പൊന്നുരുന്നിയിലെ സ്വകാര്യ പി.ജി. ഹോസ്റ്റലിലെ കുളിമുറിയിൽ ഒളിക്യാമറയുണ്ടെന്ന പരാതിയിൻ മേൽ കടവന്ത്ര പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ബുധനാഴ്ചയാണ് ഹോസ്റ്റലിലെ കുളിമുറിയിൽ ക്യാമറ ഓൺ ചെയ്ത മൊബൈൽ ഫോൺ പെൺകുട്ടികൾ കണ്ടെത്തിയതെന്നാണ് പോലീസ് പറയുന്നത്. എക്സ്ഹോസ്റ്റ് ഫാനിനിടയിലായിട്ടാണ് ക്യാമറ കണ്ടത്. പിന്നീട് പോലീസ് എത്തിയപ്പോഴേക്കും ക്യാമറ അപ്രത്യക്ഷമായിരുന്നു. ഫോൺ പിന്നീട് കണ്ടെത്താനായിട്ടില്ലെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ ഹോസ്റ്റൽ നടത്തിപ്പുകാർ ഉൾപ്പെടെ മൂന്നുപേരുടെ മൊബൈൽ ഫോണുകൾ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത ഫോണുകൾ വിശദ പരിശോധനയ്ക്കായി സൈബർ സെല്ലിന് കൈമാറിയിട്ടുണ്ട്.