മലപ്പുറം: ലോറിയില്‍ കോഴിക്കാഷ്ടം നിറച്ച ചാക്കുകള്‍ ചുറ്റും നിരത്തി സ്ഫോടക വസ്തുക്കള്‍ കേരളത്തിലെത്തിച്ച കേസിലെ മുഖ്യപ്രതി മലപ്പുറം പൊലീസിന്റെ പിടിയില്‍. സ്ഫോടക വസ്തുക്കള്‍ മലപ്പുറം മോങ്ങത്തേക്ക് കയറ്റി അയച്ച കര്‍ണ്ണാടക കൂര്‍ഗ് സ്വദേശി സോമശേഖരയെ(45) നാര്‍ക്കോട്ടിക് സെല്ലാണ് പിടികൂടിയത്. 10,000 ഓഡിനറി ഡിറ്റനേറ്റര്‍, 270 വലിയ പെട്ടികളിലായി സൂക്ഷിച്ച 6,750 കിലോ ജലാറ്റിന്‍ സ്റ്റിക് (54,810 എണ്ണം), 38,872. 5 മീറ്റര്‍ നീളമുള്ള 213 റോള്‍ സേഫ്റ്റി ഫ്യൂസ് എന്നിവയാണ് പാലക്കാട് – കോഴിക്കോട് ദേശീയ പാത 213ല്‍ മലപ്പുറം മോങ്ങത്ത് വച്ച് കര്‍ണാടകയില്‍ നിന്ന് ജൈവ വളവുമായി എത്തിയ ലോറിയില്‍ നിന്ന് പിടിച്ചെടുത്തത്.
കര്‍ണാടകയില്‍നിന്ന് കൊണ്ടുവന്ന് മോങ്ങത്തെ ഗോഡൗണിലേക്ക് കടത്തുകയായിരിരുന്നു ഇവ. വളം ആയി ഉപയോഗിക്കാനുള്ള കോഴിക്കാഷ്ടം ആണെന്ന് തോന്നും വിധമാണ് ലോറിയില്‍ സ്ഫോടക വസ്തുക്കള്‍ എത്തിച്ചത്. ഗോഡൗണില്‍ വന്‍ സ്ഫോടകവസ്തു ശേഖരമുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് റെയ്ഡ് നടത്തിയപ്പോഴാണ് ഇവ പിടികൂടിയത്. ക്വാറികളില്‍ പാറ പൊട്ടിക്കാനായി കൊണ്ടുവന്നതാണ് ഇവ എന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍.
സംസ്ഥാനത്തേക്ക് അനധികൃതമായി സ്ഫോടക വസ്തുക്കള്‍ കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ സോമശേഖരയെന്ന് പൊലീസ് പറഞ്ഞു. കേസില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.