തിരുവനന്തപുരം:പിറന്നാളോ വിവാഹവാർഷികമോ ഏതുമാകട്ടെ അടുത്തുള്ള സ്‌കൂളിൽ പ്രഭാതഭക്ഷണം നൽകി ആഘോഷിച്ചാലോ. അതിനൊരു അവസരം വരുന്നു. വ്യക്തികളുടെയും കുടുംബത്തിന്റെയും സംഘടനകളുടെയും വിശേഷ ദിവസങ്ങളെ സ്‌കൂളുകളിലെ പ്രഭാതഭക്ഷണ പദ്ധതിയുമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. ആവശ്യമെങ്കിൽ സ്‌പോൺസർമാരെയും പൂർവ വിദ്യാർഥി സംഘടനകളുടെയും സഹായവും സ്വീകരിക്കാം. ഈ മാതൃകയിൽ ഇടുക്കിയിൽ പദ്ധതി ആരംഭിച്ച് കഴിഞ്ഞു.മുഴുവനിടത്തും സ്‌കൂൾ അധികൃതരുടെ നേതൃത്വത്തിൽ പരിപാടി ഏറ്റെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. 2200 സ്‌കൂളിൽ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും പിടിഎയുടെയും നേതൃത്വത്തിൽ നിലവിൽ പ്രഭാതഭക്ഷണം നൽകുന്നുണ്ട്. സ്‌കൂൾ പാചകത്തൊഴിലാളികൾക്ക് സ്റ്റേറ്റ് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളുടെ സഹായത്തോടെ ഈ അധ്യയന വർഷംതന്നെ പരിശീലനം നൽകും. ഉച്ചഭക്ഷണ പദ്ധതിയുടെ ഫ്‌ളക്‌സി ഫണ്ട് ഉപയോഗിച്ച് വയനാട്, ഇടുക്കി, ജില്ലകളിലെയും പാലക്കാട്ടെ ട്രൈബൽ മേഖലയിലെയും കുട്ടികൾക്ക് ആഴ്ചയിലൊരിക്കൽ നൂറ് ഗ്രാം കപ്പലണ്ടി മിഠായി നൽകുന്നതിന് തുക അനുവദിച്ചെന്നും മന്ത്രി പറഞ്ഞു.