NationalNews

സോണിയ ഗാന്ധിക്ക് വീണ്ടും നോട്ടീസ്, ജൂലൈ അവസാനം ഹാജരാകാൻ നിർദേശം

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസില്‍ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് (Sonia Gandhi) വീണ്ടും നോട്ടീസ്. ജൂലൈ അവസാനം ഹാജരാകാൻ ആവശ്യപ്പെട്ടാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് നൽകിയത്. തിയതി വ്യക്തമാക്കിയിട്ടില്ല. നേരത്തെ സോണിയ ​ഗാന്ധിയോട് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു, എന്നാൽ കോവിഡ് ബാധിച്ചതിനാൽ ഹാജരാകാൻ സാധിച്ചിരുന്നില്ല. ആരോഗ്യനില മെച്ചപ്പെടാൻ ആഴ്ചകളെടുക്കുമെന്ന് സോണിയ ഗാന്ധി ഇഡിയെ അറിയിച്ചിരുന്നു. 

കേസുമായി ബന്ധപ്പെട്ട് രാഹുൽ ​ഗാന്ധിയെ ഇഡി കഴിഞ്ഞ ദിവസങ്ങളിൽ ചോദ്യം ചെയ്തിരുന്നു. അഞ്ച് ദിവസം അന്‍പതിലേറെ മണിക്കൂറാണ് രാഹുലിനെ ഇഡി ചോദ്യം ചെയ്തത്. സോണിയ ​ഗാന്ധിയുടെ മൊഴി കൂടി എടുത്ത ശേഷം രാഹുലിനെ വീണ്ടും ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം. നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണൽസ് കമ്പനിയും രാഹുൽ ഡയറക്ടറായ യങ് ഇന്ത്യ ലിമിറ്റഡ് കമ്പനിയും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകൾ, യങ് ഇന്ത്യ ലിമിറ്റഡ് കൊൽക്കത്ത ആസ്ഥാനമായുള്ള ഡോടെക്സ് മെർക്കന്റൈസ് എന്ന കമ്പനിയുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുമായും ബന്ധപ്പെട്ടുള്ള വിവരങ്ങളാണ് ഇഡി രാഹുലിൽ നിന്ന് തേടിയത്. ഇതുമായി ബന്ധപ്പെട്ടുള്ള രേഖകൾ സമർപ്പിക്കാൻ രാഹുൽ കൂടുതൽ സമയം തേടിയിട്ടുണ്ട്.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *