ന്യൂഡൽഹി: കോവിഡ് മൂലം ചികിത്സയിലായിരുന്ന കോൺഗ്രസ് അധ്യക്ഷ സോണി ഗാന്ധിക്ക് രണ്ടാഴ്ചത്തെ വിശ്രമം വേണമെന്ന് ഡോക്റ്റർമാർ. വീട്ടിലാവും തുടർ പരിചരണം. ഈ സാഹചര്യത്തിൽ നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധി വ്യാഴാഴ്ച്ച ഇഡിക്ക് മുന്നിൽ ചോദ്യംചെയ്യലിന് ഹാജരാകില്ല. സമയം നീട്ടി വാങ്ങാനാണ് തീരുമാനം.
നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്യും. ഇത് അഞ്ചാം ദിവസമാണ് രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നത്. ഇന്നലെ 12 മണിക്കൂറിലധികം നേരമാണ് അന്വേഷണ ഏജൻസി രാഹുലിനെ ചോദ്യം ചെയ്തത്. രാഹുൽ ഗാന്ധിക്കെതിരായ ഇഡി നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതാക്കൾ ഇന്ന് എഐസിസി ആസ്ഥാനത്ത് പ്രതിഷേധിക്കും. കേന്ദ്ര ഏജൻസിയെ ഉപയോഗിച്ച് സർക്കാർ രാഷ്‌ട്രീയ വിദ്വേഷം തീർക്കുകയാണെന്ന് കോൺഗ്രസ് നേതാക്കൾ. ഇതിൽ പ്രതിഷേധിച്ച് രാജ്യവ്യാപക പ്രക്ഷോഭം നയിക്കുകയാണു പാർട്ടി. കേരളത്തിൽ ഇന്ന് കേന്ദ്ര സർക്കാർ ഓഫീസുകൾ കേന്ദ്രമാക്കി പാർട്ടി പ്രവർത്തകർ പ്രതിഷേധിക്കും.