Kerala

സംസ്ഥാനത്തൊട്ടാകെ തുടരുന്ന കനത്ത മഴയിൽ വ്യാപകനാശം; ജലനിരപ്പ്‌ ഉയർന്നതിനെ തുടർന്ന്‌ ചെറുഡാമുകൾ തുറന്നു.

തിരുവനന്തപുരം: സംസ്ഥാനത്തൊട്ടാകെ തുടരുന്ന കനത്ത മഴയിൽ വ്യാപകനാശം. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, വയനാട്‌, കണ്ണൂർ, കാസർകോട്‌ ജില്ലകളിൽ അതിശക്തമായ മഴ തുടരുകയാണ്‌.  ജലനിരപ്പ്‌ ഉയർന്നതിനെ തുടർന്ന്‌ ചെറുഡാമുകൾ തുറന്നു. ഇടുക്കി സംഭരണിയിൽ രണ്ടടിയും മുല്ലപ്പെരിയാറിൽ ഒന്നരയടിയും വെള്ളം ഉയർന്നു. തീരമേഖലകളിൽ കടലാക്രമണം  രൂക്ഷമായി. ഉയർന്ന പ്രദേശങ്ങളിലെ ടൂറിസ്റ്റ്‌ കേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചു. താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്‌ രൂപപ്പെട്ടു. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും തുടരുകയാണ്‌. സംസ്ഥാനത്ത്‌ 126 വീട്‌ ഭാഗികമായി തകർന്നു. കണ്ണൂരിൽ 11ഉം കൊല്ലത്ത്‌ 53ഉം വയനാട്ടിൽ ഒന്നും പാലക്കാട്ട്‌ രണ്ടും ആലപ്പുഴയിൽ 41ഉം ഇടുക്കിയിൽ 12ഉം തിരുവനന്തപുരത്ത്‌ ആറും വീടാണ്‌ ഭാഗികമായി തകർന്നത്‌. നാലു ദുരിതാശ്വാസ ക്യാമ്പിലായി 28 കുടുംബത്തിലെ 77 പേരെ മാറ്റിപ്പാർപ്പിച്ചു.

ഈ കാലവർഷ സീസണിലെ സംസ്ഥാനത്തെ ഏറ്റവും കൂടിയ മഴയാണ്‌ ബുധനാഴ്‌ച രേഖപ്പെടുത്തിയത്‌–- 24 മണിക്കൂറിൽ ശരാശരി 69.6 മില്ലി മീറ്റർ.  പത്തനംതിട്ട മഡമൺ സ്റ്റേഷൻ (പമ്പാനദി),  കല്ലൂപ്പാറ സ്റ്റേഷൻ (മണിമല നദി) എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട തുമ്പമൺ സ്റ്റേഷൻ (അച്ചൻകോവിൽ നദി), കോട്ടയം പുല്ലാക്കയർ സ്റ്റേഷൻ (മണിമല നദി), ഇടുക്കി മണക്കാട് സ്റ്റേഷൻ (തൊടുപുഴ നദി എന്നിവിടങ്ങളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു. മുൻകരുതലിന്റെ ഭാഗമായി അരുവിക്കര, കല്ലാർകുട്ടി, ലോവർ പെരിയാർ, പാമ്പള, പെരിങ്ങൽക്കുത്ത് ഡാമുകൾ തുറന്ന്‌  വെള്ളം ഒഴുക്കിവിട്ടു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *