KeralaNews

ശ്വാസകോശ അർബുദം ഇനി അതിവേഗം കണ്ടെത്താം.

തിരുവനന്തപുരം ശ്വാസകോശ അർബുദം അതിവേഗം കണ്ടെത്താനാകുന്ന നൂതന യന്ത്രങ്ങൾ ഇനി തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിലും. ലീനിയർ എൻഡോബ്രോങ്കിയൽ അൾട്രാസൗണ്ട് (ലീനിയർ ഇബസ്‌), റേഡിയൽ എൻഡോബ്രോങ്കിയൽ അൾട്രാസൗണ്ട് എന്നിങ്ങനെ രണ്ട്‌ മെഷീൻ  സ്ഥാപിക്കാൻ 1.10 കോടി രൂപ അനുവദിച്ചു.
 ശ്വാസകോശ അർബുദം വളരെ നേരത്തെ കണ്ടുപിടിക്കാൻ കഴിയുന്ന ഈ നൂതന മെഷീനുകൾ പൾമണോളജി വിഭാഗത്തിലാണ് സ്ഥാപിക്കുക. ഇതോടെ, സംസ്ഥാനത്ത് സർക്കാർ മേഖലയിൽ കോഴിക്കോട് മെഡിക്കൽ കോളേജിനുപുറമേ തിരുവനന്തപുരം മെഡിക്കൽ കോളേജിലും ഈ സംവിധാനം യാഥാർഥ്യമാകും. 
 അതിനാൽ ആർസിസിയിലെ രോഗികൾക്കും ഇത് സഹായകരമാകും. പൾമണോളജി വിഭാഗത്തിൽ ഡിഎം കോഴ്‌സ് ആരംഭിക്കാനുള്ള നടപടികൾ വേഗത്തിലാക്കുമെന്നും  മന്ത്രി വീണാ ജോർജ്‌ വ്യക്തമാക്കി.
 ശ്വാസനാള പരിധിയിലുള്ള അർബുദം കണ്ടെത്താൻ ഏറെ സഹായിക്കുന്നതാണ്‌ ഈ ഉപകരണങ്ങൾ. അൾട്രാസൗണ്ട് സംവിധാനത്തിലൂടെ മറ്റ് പരിശോധനകളിൽ കണ്ടെത്താനാകാത്ത അതിസൂക്ഷ്മമായ അർബുദംപോലും കണ്ടെത്താം. 
 റേഡിയൽ ഇബസ് മെഷീനിലൂടെ ഒരു സെന്റിമീറ്റർ വലിപ്പമുള്ള ശ്വാസകോശ അർബുദംവരെ കണ്ടെത്താനാകും. തൊണ്ടയിലെ അർബുദം ശ്വാസനാളത്തിൽ പടർന്നിട്ടുണ്ടോയെന്നതും വേഗത്തിലറിയാം. അർബുദ വ്യാപ്തി കൃത്യമായി കണക്കാക്കുന്നതിലൂടെ ശസ്‌ത്രക്രിയ വേണോ കീമോതെറാപ്പി വേണോ എന്നും തീരുമാനിക്കാനാകും. സ്വകാര്യ സ്ഥാപനങ്ങളിൽ 50,000ത്തോളം രൂപ ചെലവുവരുന്ന ഈ സംവിധാനം മെഡിക്കൽ കോളേജിൽ യാഥാർഥ്യമാകുന്നത്‌ നിർധനരോഗികൾക്ക് ഗുണകരമാകും. 

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *