തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടറാമിനെ ആലപ്പുഴ ജില്ല കളക്ടറായി നിയമിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് തള്ളി ഇടതുമുന്നണി ഘടക കക്ഷി നേതാവ് രംഗത്ത്. എല്ജെഡി നേതാവ് സലീം മടവൂരാണ് വെങ്കിട്ടറാമിനെ സർവീസിനിടയിൽ കളക്ടറാക്കാതെ നിർവാഹമില്ലെന്ന സര്ക്കാര് വാദത്തെ തള്ളി ഫേസ്ബുക്ക് കുറിപ്പുമായി രംഗത്ത് എത്തിയത്. സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ഡിപ്പാർട്ട്മെൻറൽ പ്രമോഷൻ കമ്മറ്റിയുടെ നിയമ വിരുദ്ധ തീരുമാനങ്ങൾക്കെതിരെ സെൻട്രൽ വിജിലൻസ് കമ്മീഷന് വരും ദിവസങ്ങളിൽ പരാതി ഫയൽ ചെയ്യും. ഉത്തരവാദപ്പെട്ടവർ നിയമ വിരുദ്ധമായ തീരുമാനങ്ങളെ ന്യായീകരിക്കാതെ തെറ്റുതിരുത്താനാണ് തയാറാവേണ്ടത്. അതാണ് മാന്യമായ മാർഗം. അല്ലാതെ ചോദ്യം ചെയ്യുന്നവരെ ഭയപ്പെടുത്താൻ ശ്രമിക്കുന്നവരോട് പരമ പുച്ഛം മാത്രം. ബഷീറിന്റെ കാര്യത്തിൽ എന്തൊക്കെ തിരിച്ചടിയുണ്ടായാലും ശബ്ദിച്ചു കൊണ്ടേയിരിക്കുമെന്നും സലീം മടവൂർ പറയുന്നു.
പദവി കൊടുക്കൽ നിർബന്ധമാണെങ്കിൽ പോലും ഇദ്ദേഹത്തിന് ബഷീർ കൊലപാതകക്കേസിന്റെ വിചാരണ തീർന്ന് 2028 നകം കലക്ടർ സ്ഥാനം കൊടുത്താൽ മതിയെന്നിരിക്കെ ഇപ്പോൾ കലക്ടറാക്കിയത് തിടുക്കപ്പെട്ടുള്ള തീരുമാനമാണ്.
കേന്ദ്ര അഭ്യന്തര വകുപ്പിന്റെ കീഴിലുള്ള പേഴ്സണൽ മന്ത്രാലയം ക്രിമിനൽ നടപടിയോ അച്ചടക്ക നടപടിയോ നേരിടുന്ന ഉദ്യോഗസ്ഥരുടെ പ്രമോഷന്റെ കാര്യത്തിൽ വ്യക്തമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇത്തരം കേസ്സുകളിൽ പ്രമോഷൻ കമ്മിറ്റി കൂടി തീരുമാനം ക്രിമിനൽ കേസ് തീർപ്പാകുന്നത് വരെ മുദ്രവെച്ച കവറിൽ സൂക്ഷിക്കണമെന്നാണ്. ക്രിമിനൽ കേസ്സ് കാരണം പ്രമോഷൻ തടയപ്പെട്ട വ്യക്തിയുടെ ബന്ധപ്പെട്ട കേസ്സ് തീർപ്പാക്കുകയും ഉദ്യോഗസ്ഥൻ നിരപരാധിയാണെന്ന് തെളിയിക്കപ്പെടുകയും ചെയ്താൽ അയാൾക്ക് നേരത്തെയുള്ള, അതായത് മുദ്രവെച്ച കവറിലെ തീരുമാനപ്രകാരം അനുയോജ്യമായ നിയമനം നൽകണം. പ്രസ്തുത വ്യക്തിയുടെ പ്രമോഷൻ പൊതുജന താൽപര്യത്തിന് വിരുദ്ധമാണോ എന്ന് പരിശോധിക്കണം. കുറ്റം പ്രമോഷൻ തടയാൻ മാത്രം ഗുരുതരമാണോ എന്ന് പരിശോധിക്കണം. ഉദ്യോഗസ്ഥൻ പ്രമോഷൻ നേടിയാൽ കേസ്സിനെ ബാധിക്കുന്ന തരത്തിൽ ഇടപെടുമോ? ഇതിലൊക്കെ തൃപ്തരാണെങ്കിലും തീരുമാനത്തിന് മുമ്പ് സി.ബി.ഐയുടെ അഭിപ്രായം തേടണമെന്നും ഇതിൽ പറയുന്നുണ്ടെന്ന് സലീം മടവൂർ ചൂണ്ടിക്കാട്ടി. ക്രിമിനൽ നടപടി നേരിടുന്ന ഉദ്യോഗസ്ഥനെ പ്രമോട്ട് ചെയ്താൽ കേസ്സിനെ തെറ്റായി ബാധിക്കുമോ എന്ന് പരിഗണിച്ചില്ലെന്ന് മാത്രമല്ല, അദ്ദേഹത്തെ കേസ്സിലെ സാക്ഷികൾ ജോലി ചെയ്യുന്ന ആരോഗ്യ വകുപ്പിൽ തന്നെ ജോയിന്റ് സെക്രട്ടറിയായി നിയമിച്ച് എല്ലാ ഉത്തരവുകളെയും പരസ്യമായി വെല്ലുവിളിച്ചു. ഇപ്പോൾ ജില്ലാ കളക്ടർ കൂടെയായതോടെ എല്ലാം പരിപൂർണമായെന്നും അദ്ദേഹം പറഞ്ഞു.