കോട്ടയം:അയിത്തോച്ചാടനത്തിനും തുല്യാവകാശത്തിനും വേണ്ടി ഒരു ജനത നടത്തിയ വൈക്കം സത്യഗ്രത്തിന് വ്യാഴാഴ്‌ച 99 വർഷം പൂർത്തിയാകുന്നു. എല്ലാ മനുഷ്യനും വഴിനടക്കാനായി നടന്ന സത്യഗ്രഹം കേരള നവോത്ഥാന ചരിത്രത്തിലെ സുപ്രധാന ഏടുകളിലൊന്നാണ്. സവർണ ഗുണ്ടകളുടെയും പൊലീസിന്റെയും കിരാത മർദനങ്ങളെയും രാജഭരണം വിധിച്ച തടവറകളെയും അതിജീവിച്ച ഐതിഹാസിക പോരാട്ടത്തിന്റെ നൂറാം വാർഷികം 603 ദിവസം നീളുന്ന വിപുലമായ പരിപാടികളോടെ സംസ്ഥാന സർക്കാർ ആഘോഷിക്കും. മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്‌റ്റാലിനും ചേർന്ന് ഏപ്രിൽ ഒന്നിന് ഉദ്‌ഘാടനം ചെയ്യും.
ദേശീയ ശ്രദ്ധയാകർഷിച്ച സമരം 1924 മാർച്ച് 30നാണ് തുടങ്ങിയത്. 603 ദിവസം നീണ്ടു. വൈക്കം ക്ഷേത്രത്തിന് സമീപത്തെ പൊതുനിരത്തിലൂടെ എല്ലാ മനുഷ്യനും നടക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയാണ് പ്രക്ഷോഭം തുടങ്ങിയത്. തുടർന്ന് അയിത്തോച്ചാടനത്തിനും തുല്യാവകാശത്തിനും ആധുനിക ഇന്ത്യയ്ക്കും വേണ്ടിയുള്ള പോരാട്ടങ്ങൾക്ക് ഇന്ധനം പകർന്ന ഐതിഹാസിക സമരമായി ഇവ വികസിച്ചു.