വിശാഖപട്ടണം: വിശാഖപട്ടണം തുറമുഖത്ത് ഞായറാഴ്ച രാത്രിയുണ്ടായ വൻ തീപിടിത്തത്തിൽ 25 മത്സ്യബന്ധന ബോട്ടുകൾ കത്തി നശിച്ചു. തീ നിയന്ത്രണവിധേയമാക്കാൻ ഫയർ എഞ്ചിനുകൾക്കൊപ്പം ഇന്ത്യൻ നാവിക സേനയുടെ കപ്പലും എത്തി. രാത്രി വൈകിയാണ് മത്സ്യബന്ധന ബോട്ടിൽ തീ പടർന്നതെന്ന് വിശാഖപട്ടണം പോലീസ് കമ്മീഷണർ രവിശങ്കർ പറഞ്ഞു. തീ മറ്റുള്ള ബോട്ടുകളിലേക്ക് പടരാതിരിക്കാൻ ബോട്ടിന്റെ കെട്ടഴിച്ച് ഒഴുക്കിവിട്ടു. എന്നാൽ കാറ്റും വെള്ളത്തിന്റെ ഒഴുക്കും ബോട്ടുകളെ തിരികെ ജെട്ടിയിലേക്ക് കൊണ്ടുവന്നു. താമസിയാതെ മറ്റ് ബോട്ടുകളും കത്തിനശിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
ഓരോ ബോട്ടിനും ഏകദേശം 15 ലക്ഷം രൂപ വിലവരും. അപകടത്തിൽ ഏകദേശം അഞ്ച് കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. ബോട്ടുകളിലെ ഡീസൽ കണ്ടെയ്‌നറുകളും ഗ്യാസ് സിലിണ്ടറുകളും തീ ആളിപ്പടരാൻ കാരണമായെന്നും പ്രദേശം മുഴുവൻ വലിയ തീപിടിത്തമുണ്ടായതായും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ചില ക്രിമിനലുകളാണ് ബോട്ടുകൾക്ക് തീയിട്ടതെന്ന് സംശയിക്കുന്നുവെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ഇന്ധന ടാങ്കുകളിൽ തീ പടർന്നതിനെ തുടർന്ന് ചില ബോട്ടുകളിൽ സ്ഫോടനം ഉണ്ടായത് പരിഭ്രാന്തി പരത്തി.