Kerala

വിവിധ തസ്‌തികകള്‍ കാസര്‍ഗോഡ് ജില്ലയില്‍ ഒഴിഞ്ഞുകിടക്കുന്ന വിഷയം ചീഫ് സെക്രട്ടറി തലത്തില്‍ സര്‍വ്വീസ് സംഘടനകളുമായി ചര്‍ച്ച ചെയ്യും; മുഖ്യമന്ത്രി

തിരുവനന്തപുരം : ഡോക്‌ടര്‍മാര്‍ , പാരാമെഡിക്കല്‍ സ്റ്റാഫ്, വെല്‍ഫെയര്‍ വര്‍ക്കര്‍മാര്‍, എൻജിനീയര്‍മാര്‍ തുടങ്ങിയ വിവിധ തസ്‌തികകള്‍ കാസര്‍ഗോഡ് ജില്ലയില്‍ ഒഴിഞ്ഞുകിടക്കുന്ന വിഷയം ചീഫ് സെക്രട്ടറി തലത്തില്‍ സര്‍വ്വീസ് സംഘടനകളുമായി ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. കാസര്‍ഗോഡ്, ഇടുക്കി, വയനാട് ജില്ലകളില്‍ വിവിധ വകുപ്പുകളില്‍ ഉണ്ടാകുന്ന ഒഴിവുകള്‍ യഥാസമയം നികത്തുന്നതിന് നടപടി സ്വീകരിക്കുന്നുണ്ട്. ഈ ജില്ലകളില്‍ നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ മറ്റു ജില്ലകളിലേക്ക് ഡെപ്യൂട്ടേഷന്‍/സ്ഥലംമാറ്റം നേടി പോകുന്നതും അവധിയില്‍ പ്രവേശിക്കുന്നതും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇപ്രകാരം ജീവനക്കാരുടെ അഭാവം ഉണ്ടാകുന്നത് വിവിധ പദ്ധതികളുടെ സുഗമമായ നടത്തിപ്പിനെ ഗുരുതരമായി ബാധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ഈ ജില്ലകളില്‍ നിയമനം ലഭിക്കുന്നവര്‍ നിശ്ചിത കാലയളവില്‍ ജോലി ചെയ്യുന്നു എന്നുറപ്പാക്കാന്‍ 14.03.2022 ലെ സര്‍ക്കുലര്‍ പ്രകാരം എല്ലാ വകുപ്പ് തലവന്മാര്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഓരോ പദ്ധതിയുടെയും ആവശ്യകതയെ അടിസ്ഥാനമാക്കി കാലാവധി നിര്‍ണ്ണയിച്ച് പ്രസ്‌തുത കാലാവധി വരെ ഉദ്യോഗസ്ഥര്‍ ജോലിയില്‍ തുടരണമെന്ന നിര്‍ദ്ദേശമടങ്ങിയ നിയമന ഉത്തരവ് പുറപ്പെടുവിക്കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടി സംബന്ധിച്ച വിവരം ലഭ്യമാക്കാന്‍ എല്ലാ ജില്ലാ കലക്‌ടര്‍മാരോടും വകുപ്പ് മേധാവിമാരോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സി എച്ച് കുഞ്ഞമ്പുവിന്റെ സബ്‌മിഷന്  മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *