KeralaNewsPolitics

വിമാനത്തിൽ പ്രതിഷേധിച്ചവർക്ക് പണി കിട്ടും; പിടിച്ചു തള്ളിയ ഇപിയ്ക്കും കിട്ടും? നിയമം പറയുന്നതെന്ത്

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിൽ വച്ച് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തിയ സംഭവത്തിൽ വധശ്രമത്തിന് പോലീസ് കേസെടുത്തിരുന്നു. ഇന്ത്യൻ എയർക്രാഫ്റ്റ് റൂൾ 1937 അനുസരിച്ച്  വിമാനത്തിൽ വെച്ച് ആരെയും  ശാരീരികമായോ വാക്കുകൾ കൊണ്ടോ ഉപദ്രവിക്കാനോ, ഭീഷണിപ്പെടുത്താനോ പാടില്ല. ഇത് പ്രകാരം വിമാനത്തിൽ പ്രതിഷേധിച്ചവർക്കും, അതിനെതിരെ പ്രതികരിച്ച ഇപി ജയരാജനുമെതിരെ കേസെടുക്കാമെന്നാണ് സൂചന.

ഇന്ത്യൻ എയർക്രാഫ്റ്റ് റൂൾ 1937 ലെ പാർട്ട് 3, ചട്ടം 23 എ പറയുന്നതനുസരിച്ച് വിമാനത്തിൽ വെച്ച് ഭീഷണിപ്പെടുത്തുകയോ, കയ്യേറ്റം ചെയ്യുകയോ ചെയ്യുന്നത് ശിക്ഷാർഹമാണ്. കൂടാതെ ഷെഡ്യുൾ 6 പ്രകാരം ഇത്തരത്തിൽ പ്രവർത്തിക്കുന്ന ഒരാൾക്ക് ഒരു വര്ഷം കഠിന തടവോ, അഞ്ചുലക്ഷം രൂപ പിഴയോ ശിക്ഷയായി ലഭിക്കാവുന്നതാണ്. അല്ലെങ്കിൽ രണ്ടും കൂടെയോ ശിക്ഷയായി ലഭിക്കാം. കൂടാതെ 2017 സെപ്റ്റംബറിൽ പുറത്തിറക്കിയ  സിവിൽ ഏവിയേഷൻ് റിക്വയർമെന്റ് ചട്ട പ്രകാരവും സമാനമായ ശിക്ഷ ലഭിക്കും.

കൂടാതെ വാക്കുകൾ കൊണ്ട് ഭീഷണിപ്പെടുത്തുന്നതിന് 3 മാസം വിലക്കും, ശരീരകമായി ഉപദ്രവിക്കുന്നതിന് 6 മാസം വിലക്കും ലഭിക്കും. നിലവിൽ പ്രതിഷേധിച്ചവരെ വലിയതുറ പോലീസ് അറസ്റ്റ് ചെയ്തു. വധശ്രമം, കൃത്യനിർവഹണം തടസപ്പെടുത്തൽ, വിമാനത്തിന്റെ സുരക്ഷയെ ബാധിക്കുന്ന വിധത്തിലുള്ള അതിക്രമം എന്നീ വകുപ്പുകൾ ചുമത്തിയാണ് രണ്ട് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരടക്കം മൂന്ന് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്‍റ് ഫർസീൻ മജീദ്, ജില്ലാ സെക്രട്ടറി ആർ കെ നവീൻ അടക്കമുള്ളവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിൽ വച്ച് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ മുദ്രാവാക്യം മുഴക്കുകയായിരുന്നു. വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇടതുമുന്നണി കൺവീനർ ഇപി ജയരാജൻ തള്ളി വീഴ്ത്തി. മദ്യപിച്ച് ലക്കുകെട്ട യൂത്ത് കോൺഗ്രസുകാർ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചുവെന്ന് ഇപി ജയരാജൻ ആരോപിച്ചു. എന്നാൽ മദ്യപിച്ചിട്ടില്ലെന്നും ജയരാജൻ തങ്ങളെ മർദിക്കുകയായിരുന്നുവെന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകർ പറയുന്നു.

What's your reaction?

Related Posts

1 of 939

Leave A Reply

Your email address will not be published. Required fields are marked *