Article

ലൈം​ഗീക പീഡന ആരോപണങ്ങളുടെ കാണാപ്പുറങ്ങൾ

 നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ ഉയർന്ന ലൈം​ഗീക പീഡന ആരോപണവും അത് ഉന്നയിച്ച നടിയുടെ പേര് വിജയ് ബാബു പുറത്തുവിട്ട  വാർത്തയുമാണ് ഇന്നലെ രാത്രി മുതൽ ഓൺലൈൻ മാധ്യമങ്ങളിലും സമൂഹ  മാധ്യമങ്ങളിലും നിറഞ്ഞു നിൽക്കുന്നത്.ആരോപണം ഉന്നയിച്ച നടിയുമായുള്ള ചാറ്റ് മെസേജുകളുടെ സ്ക്രീൻഷോട്ടുകൾ പ്രസിദ്ധപ്പെടുത്തുമെന്നും അതിന്റെ പേരിൽ ഉണ്ടാവുന്ന മുഴുവൻ ഭവിഷ്യത്തുകളും നേരിടുമെന്നുള്ള നിലപാടെടുക്കുകയും ചെയ്തു വിജയ് ബാബു.സോഷ്യൽ മീ‍ഡിയ പ്ലാറ്റ്ഫോമുകളിൽ ഇരുവരുടെയും പക്ഷംചേർന്നുകൊണ്ടുള്ള അഭിപ്രായ പ്രകടനങ്ങൾ നിറയുകയാണ്.

2018 ഒക്ടോബറിൽ തുടങ്ങി ലോകമാസകലം തരംഗമായ ​#metoo കാമ്പയ്ൻ അലയടികൾ അധികം വൈകാതെ തന്നെ ഇന്ത്യയിലും എത്തിയിരുന്നു. 2019 ന്റെ തുടക്കം മുതൽ തന്നെ ബോളീവുഡിലെ പ്രമുഖരടക്കം സമൂഹത്തിലെ ഉന്നതരും അധികാരത്തിന്റെയും സമ്പന്നതയുടെയും പ്രശസ്തിയുടെയുമൊക്കെ പ്രിവിലേജുകളിൽ സുരക്ഷിതമായി  നിലയുറപ്പിച്ചുകാെണ്ട് സ്ത്രീകളെ ലൈം​ഗീകമായി ചൂഷണം ചെയ്തിരുന്ന പലരിൽ നിന്നും നേരിട്ട പീ‍ഡനാനുഭവങ്ങൾ വെളിപ്പെടുത്തികൊണ്ട് പ്രശസ്തരും അപ്രശസ്തരുമായ അനേകം സ്ത്രീകൾ മുന്നോട്ടുവരികയുണ്ടായി അതിൽ ചിലതൊക്കെ നിയമനടപടിയിലേക്ക് നീങ്ങുകയും ചിലത് സോഷ്യൽ മീ‍ഡിയകളിലെ വിഴുപ്പലക്കുകളിൽ അവസാനിക്കുകയും ചെയ്തു.

കഴിഞ്ഞ വർഷങ്ങളിൽ വാർ‍ത്തയായ ​#metoo  വെളിപ്പെടുത്തലുകളിൽ ചിലതിലെങ്കിലും വെളിപ്പെടുത്തൽ നടത്തിയ സ്ത്രീകളുടെ ഉദ്ദേശശുദ്ധി സംശയത്തിന്റെ നിഴലിലായിട്ടുണ്ട്.പ്രസ്തുത സ്ത്രീകളോട് അടുപ്പമുള്ള ആളുകളിൽ ചില സ്ത്രീകൾ തന്നെ ആ വെളിപ്പടുത്തലുകളിൽ കഴബുണ്ടോയെന്ന് സംശയം പരസ്യമായിത്തന്നെ പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.ചിലതൊക്കെ വ്യക്തിപരവും രാഷ്ട്രീയവുമൊക്കെയായ വിരോധങ്ങളാൽ പ്രചോദിതമായി പ്രതിച്ഛായ തകർക്കൽ ലക്ഷ്യം വെച്ചുള്ളതായിരുന്നു എന്ന് പലരും സംശയം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.ഇത്തരമൊരു ആരോപണത്തിന് വിധേയനായ പുരുഷൻ നേരിടേണ്ടിവരുന്ന നിയമപരമായ പാർശ്വവൽകരണവും ആരും അറിയാതെ സമൂഹത്തിന്റെ കണ്ണിൽനിന്നും മറഞ്ഞിരുന്നുകൊണ്ട് ഏതൊരു പരുഷന്റെ നേരയും വ്യാജമായിപോലും ലൈം​ഗീകാരോപണം ഉന്നയിക്കുകയും സാഹചര്യതെളിവുകളുടെപോലും പിൻ തുണയില്ലാത്ത ആരോപണം ആയാൽകൂടി യാതൊരുവിധ അനന്തരഫലങ്ങളും നേരിടേണ്ടതില്ലാത്തവിധം നിയമ ദത്തമായ സുരക്ഷിതത്വം അനുഭവിക്കുന്ന സ്ത്രീക്കു ലഭിക്കുന്ന advantage സൃഷ്ട്ടിക്കുന്ന നൈതികവും ലീം​ഗപരവുമായ വിവേചനം പലരും ചൂണ്ടികാട്ടിയിട്ടുണ്ട്.

അത്തരമൊരു വ്യാജ ആരോപണത്തിന് വിധേയനാകുന്ന  പുരുഷന് തന്റെ അതുവരെയുള്ള ജീവിതത്തിൽ നേടിയ സാമൂഹ്യമായ മതിപ്പ്,ജീവിതത്തിൽ പാലിച്ച വിശു‌ദ്ധി,കുടുംബാം​ഗങ്ങൾക്ക് തന്നോടുള്ള ആദരവ് എന്നിവയെല്ലാം  ഒരു സ്ത്രീയുടെ ദുരുദ്ദേശ്യങ്ങൾക്ക് മുന്നിൽ എറി‍ഞ്ഞുടയ്ക്കപ്പെടുന്നത് നിസഹായനായി നോക്കി നിൽക്കേണ്ടിവരുന്നു. അയാളെ നന്നായി അറിയാവുന്ന അയാളുടെ സുഹൃത്തുകൾക്ക് പോലും (ആ സുഹൃത്തുകൾ സ്ത്രീകളോ പുരുഷൻമാരോ ആയാലും) പരസ്യമായി അയാളെ പിന്തുണയ്ക്കാൻ കഴിയാത്ത ഒരു സാമൂഹിക പരിസരമാണ് നിലനിൽക്കുന്നത് എന്ന ഒരു അഭിപ്രായം പലർക്കുമുണ്ട്.

ഭരണഘടന ഉറപ്പ് നൽകുന്ന ലിംഗ സമത്വം ഇതുപോലുള്ള സംഭവങ്ങളിൽ ലംഘിക്കപ്പെടുന്നുണ്ട് എന്ന് പലപ്പോഴും പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഒരു പുരുഷനോട് വർഷങ്ങളോളം തുടർച്ചയായ ലൈംഗിക വ്യവഹാരങ്ങളിൽ ഏർപ്പെടുകയും പെട്ടെന്നൊരുസുപ്രഭാതത്തിൽ അയാളെന്നെ  വർഷങ്ങളായി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്ന ആരോപണം ഉന്നയിച്ച് രംഗത്ത് വരികയും ചെയ്യുന്ന സംഭവങ്ങൾ തെളിയിക്കുന്നത്  ലൈംഗികതയിൽ സ്വന്തം തിരഞ്ഞെടുപ്പ് എപ്പോൾ വേണമെങ്കിലും ഒരു പീഡനമായി അവതരിപ്പിക്കാനുള്ള അവസരം സ്ത്രീക്ക് ലഭിക്കുന്നതായും ആ അവസരത്തിന് നിയമത്തിൻ്റെ പരിരക്ഷ ലഭിക്കുന്നതായുമാണ്.

ഇത് ക്രമേണ സാമൂഹികമായ സ്ത്രീപുരുഷ വ്യവഹാരങ്ങളിലെ സന്തുലനം തകർക്കുകയും സ്ത്രീ എന്നത് ഒരിക്കലും വിശ്വസിച്ചു കൂടാത്ത ഒരു വർഗ്ഗം ആണെന്ന ധാരണ പുരുഷന്മാരിൽ സൃഷ്ടിക്കാൻ കാരണമാവുകയും ചെയ്യും എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. സമാനമായി, നാളത്തെ സ്ത്രീകളാവേണ്ട ഇന്നത്തെ പെൺകുട്ടികളിൽ  പുരുഷ വർഗത്തേക്കുറിച്ച് അനാരോഗ്യകരമായ ചിന്താഗതി വളർന്നു വരാനും കാരണമാവുമെന്നും ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ട്.

അമേരിക്ക പോലുള്ള രാജ്യങ്ങളിൽ ഒരു പുരുഷനോട് ലൈംഗിക ബന്ധം പുലർത്തുകയും പിന്നീട്  ഉഭായസമ്മതമില്ലാത്ത ലൈംഗികബന്ധം പുലർത്തി എന്ന ആരോപണമുന്നയിച്ച് അയാളെ നിയമനടപടികൾക്ക്  ഇരയാക്കി നഷ്ടപരിഹാരം വാങ്ങിച്ചെടുക്കുന്ന പ്രവണത വളരെ വ്യാപകമാണ്.   നിയമപരമായി മൈനർ ആയ ആൺകുട്ടിയുമായി ലൈംഗിക ബന്ധം പുലർത്തി ഗർഭിണി ആവുകയും പ്രസവിക്കുകയും ചെയ്ത ശേഷം അതേ ആൺകുട്ടി പ്രായപൂർത്തിയായിക്കഴിഞ്ഞ് അവനെതിരെ child support litigation ( കുട്ടിയുടെ ചെലവ് വഹിക്കാനുള്ള നിയമനടപടി)  കേസ് ഫയൽ ചെയ്ത് നിയമനടപടികൾക്ക് വിധേയനാക്കി അനുകൂല വിധി സമ്പാദിച്ച ഒരു കേസ് ഈയിടെ വാർത്തയായിരുന്നു.  സ്ത്രീകളിൽ വർദ്ധിച്ചു വരുന്ന ലൈംഗികതാ ദുരുപയോഗം അവിടെ വലിയൊരു സാമൂഹിക പ്രശ്നമായി മാറിയിരിക്കുകയാണ്. സ്ത്രീകളുമായി യാതൊരു വിധ ബന്ധങ്ങളിലും ഏർപ്പെടാൻ പുതിയ തലമുറ യുവാക്കൾ തയാറാവുന്നില്ല എന്നത് ഭാവിയിൽ ജനസംഖ്യാ അസന്തുലനത്തിന് വരെ കാരണമാവുമെന്ന് സാമൂഹ്യ ശാസ്ത്രജ്ഞന്മാർ മുന്നറിയിപ്പ് നൽകുന്നു.

ലൈംഗികത വ്യക്തിയുടെ തെരഞ്ഞെടുപ്പാണ്. അത് സമൂഹത്തിൻ്റെ പാരസ്‌പര്യത്തെയും നിർമാണ ഭദ്രതയെയും സമൂഹത്തിലെ അവിഭാജ്യമായ ലിംഗ വിഭാഗങ്ങൾ തമ്മിലുള്ള സാമൂഹ്യ വ്യവഹാരങ്ങളെയും തകർക്കുന്നതാവരുത് .

സ്ത്രീക്കെന്നപോലെ പുരുഷനും സാമൂഹ്യമായ അന്തസ്സിനും സ്വകാര്യതയ്ക്കും അവകാശമുണ്ട്.  നിയമലംഘനം കോടതിയിൽ തെളിയിക്കപ്പെടുന്നത് വരെ ഇരുവരുടെയും സ്വകാര്യതയും അന്തസ്സും സംരക്ഷിക്കപ്പെടേണ്ടതാണ്. ലൈംഗിക പീഡന ആരോപണം മറ്റെല്ലാ ആരോപണങ്ങളും പോലെ ഒരു ആരോപണം മാത്രമാണ്. അത് തെറ്റാണെന്നും ശരിയാണെന്നും തെളിയിക്കപ്പെടാം, തെളിയിക്കപ്പെടടിട്ടുമുണ്ട്.

ലൈംഗിക കയ്യേറ്റം ഏത് ലിംഗ സ്വത്വത്തിൽ നിന്നുണ്ടായാലും ചെറുക്കപ്പെടേണ്ടതും നിർമാർജനം ചെയ്യപ്പെടേണ്ടതുമായ സാമൂഹ്യ അതിക്രമമാണ്. അതിനെ നേരിടേണ്ടത് ഏതെങ്കിലും ഒരു ലിംഗ വ്യക്തിത്വത്തെ അപരവൽകരിച്ച് കൊണ്ടാവരുത്. 

ലൈംഗിക കയ്യേറ്റം നടത്തുന്ന പുരുഷൻ ശിക്ഷിക്കപ്പെടെണ്ടെതുണ്ട്. അതുപോലെ തന്നെയാണ് ലൈംഗിക ദൂരുപയോഗം നടത്തുന്ന സ്ത്രീയും. രണ്ടും കുറ്റകൃത്യമായി പരിഗണിക്കപ്പെടുമ്പോഴാണ് ലിംഗസമത്വം യാഥാർത്ഥ്യമാവുക.

-എഡിറ്റോറിയൽ ഡെസ്ക് –

What's your reaction?

Related Posts

1 of 939

Leave A Reply

Your email address will not be published. Required fields are marked *