കൊച്ചി: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ടിഎച്ച് മുസ്തഫ അന്തരിച്ചു. 83 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കെ കരുണാകരൻ മന്ത്രിസഭയിൽ ഭക്ഷ്യവകുപ്പ് മന്ത്രിയായിരുന്നു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. കോൺഗ്രസിന്റെ വിദ്യാർഥി പ്രസ്ഥാനങ്ങളിലൂടെയാണ് ടിഎച്ച് മുസ്തഫ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തനങ്ങളിലൂടെ കോൺഗ്രസിന്റെ നേതൃസ്ഥാനങ്ങളിലേക്കെത്തി.
14 വര്ഷം എറണാകുളം ഡിസിസി പ്രസിഡന്റായിരുന്നു. കെപിസിസി വെെസ് പ്രസിഡന്റ് ചുമതലയും വഹിച്ചു. 1977-ൽ ആദ്യമായി ആലുവയിൽ നിന്നാണ് നിയമസഭയിലേക്കെത്തുന്നത്. പിന്നീട്, നാല് തവണ കുന്നത്തുനാട് മണ്ഡലത്തെ പ്രതിനിധീകരിച്ചു.