KeralaNews

മലയാളികളുടെ വിയർപ്പ്‌ കലർന്ന ലോകകപ്പ്‌.

തിരുവനന്തപുരം: ഖത്തർ ലോകകപ്പ്‌ കേരളത്തിന്റേതു കൂടിയാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആഘോഷത്തിലാണ് നാടാകെ. മലയാളികളുടെ ഫുട്ബോൾ പ്രേമം പ്രസിദ്ധമാണ്. പെലെ, മറഡോണ, പ്ലാറ്റിനി, ബെക്കൻബോവർ പോലുള്ള മഹാരഥന്മാരുടെ പ്രകടനങ്ങൾ കണ്ടു തളിർത്ത ആ ഫുട്ബോൾ ജ്വരം ഇന്ന് മെസ്സി, റൊണാൾഡോ, നെയ്മർപോലുള്ള താരങ്ങളിലൂടെ ആകാശംമുട്ടെ വളർന്നു.

കോഴിക്കോട് പുള്ളാവൂരിൽ കുറുങ്ങാട്ട് കടവ് പുഴയ്‌ക്ക് കുറുകെ ഉയർത്തിയ ഭീമാകാരങ്ങളായ കട്ട്‌ ഔട്ടുകൾ അന്താരാഷ്ട്ര ശ്രദ്ധ നേടി. പൊതുവിടങ്ങളിലെല്ലാം ഇതുമായി ബന്ധപ്പെട്ട ചർച്ച ചൂടുപിടിക്കുകയാണ്. സൗഹൃദ മത്സരവും ജാഥയും തുടങ്ങി നിരവധി പരിപാടികൾ നടക്കുന്നു. ലോകകപ്പിന് ഖത്തർ ആതിഥേയത്വം വഹിക്കുന്നുവെന്നത് മലയാളികളെ സംബന്ധിച്ച് ഏറെ ആവേശകരമാണ്. ധാരാളം മലയാളികൾ ഖത്തറിലുണ്ട്‌. ഇതുവഴി നമുക്കും ലോകകപ്പ്‌ നേരിട്ട്‌ കാണാനുള്ള സുവർണാവസരം ലഭിച്ചു. മുന്നൊരുക്കങ്ങളിലും നിർമാണപ്രവൃത്തികളിലും നമ്മുടെ പ്രവാസി സഹോദരങ്ങൾ പങ്കാളികളായിട്ടുണ്ട്‌. അവരുടെ വിയർപ്പിന്റെയുംകൂടി സാക്ഷാൽക്കാരമാണ് ഈ വിശ്വമാമാങ്കം. ആ അർഥത്തിൽ കേരളത്തിന്റെകൂടി ലോകകപ്പാണിത്.

ഇഷ്ടടീമുകൾ ഏറ്റുമുട്ടാനൊരുങ്ങിക്കഴിഞ്ഞു. ആവേശവും ആർപ്പുവിളികളും കൂടുതൽ മുറുകട്ടെ. സ്പോർട്സ്മാൻ സ്പിരിറ്റ് ഉയർത്തിപ്പിടിച്ച് ഏറ്റവും സന്തോഷത്തോടുകൂടി ആസ്വദിക്കാൻ സാധിക്കട്ടെ. ഒരു മുൻവിധിയുമില്ലാതെ ലോകത്തെല്ലാവരും ആസ്വദിക്കുകയും ഹൃദയത്തിൽ ഏറ്റുവാങ്ങുകയും ചെയ്യുന്നവയാണ് ഫുട്ബോൾ മത്സരങ്ങൾ. അതിലേക്ക് പ്രതിലോമതയുടെയും സങ്കുചിതത്വത്തിന്റെയും വിഷകിരണങ്ങൾ കടന്നുചെല്ലുന്നത് അനാശാസ്യകരമാണ്. ഇത്തരം ശ്രമങ്ങളെയെല്ലാം ഫുട്ബോൾ പ്രേമികൾ തള്ളിക്കളയുകതന്നെ ചെയ്യും. വിപുലമായ രീതിയിൽ ഈ ലോകകപ്പ് സന്നാഹങ്ങളൊരുക്കിയ ഖത്തറിനും അതിനു പിന്നിൽ പ്രവർത്തിച്ച മലയാളികളടക്കമുള്ളവർക്കും അഭിവാദ്യങ്ങൾ. പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും വിജയാശംസകൾ–- മുഖ്യമന്ത്രി ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.


What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *